ദി ഓഷ്യന്‍ ക്ലീനപ്പ് എന്ന സംഘടന ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സമുദ്രത്തില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള ഒരു സംവിധാനത്തിനു രൂപം നല്‍കിയത്. നാല് വര്‍ഷം മുന്‍പ് ഈ മാര്‍ഗം പസിഫിക്കില്‍ ആദ്യമായി സ്ഥാപിച്ചു പരീക്ഷണമാരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ മാര്‍ഗത്തിലൂടെ ശേഖരിച്ച ആദ്യഘട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇപ്പോള്‍ കരയിലെത്തിരിയിക്കുകയാണ്. കടലിലേക്ക് വ്യാപകമായി പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുട  ശേഖരണത്തിന് നേരിയ തോതിലെങ്കിലും പരിഹാരമാകാന്‍ ഈ സംവിധാനത്തിനു കഴിയുമെന്നാണ് പ്രതീക്ഷ.

ഗ്രേറ്റ് പസിഫിക് ഗാര്‍ബേജ് പാച്ച്

ടെക്സാസ് സംസ്ഥാനത്തേക്കാള്‍ രണ്ടിരട്ടി വലുപ്പമുള്ള മാലിന്യ കൂമ്പാരമാണ് പസിഫിക്കിലെ ഗ്രേറ്റ് ഗാര്‍ബേജ് പാക്കേജ്. മനുഷ്യനിര്‍മിതമായ എല്ലാ പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഈ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിലുണ്ട്. വ്യാപകമായി കടലിലേക്ക് പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യം ഒരുമിച്ചു ചേര്‍ന്നാണ് ഈ കൂമ്പാരം രൂപപ്പെട്ടത്. ഇത് പസിഫിക്കിലെ ഏക മാലിന്യ കൂമ്പാരമല്ല. പസിഫിക്കില്‍ തന്നെ ഇത്തരത്തില്‍ പലയിടത്തായി പ്ലാസ്റ്റിക് മാലിന്യം കൂട്ടം കൂടി കിടപ്പുണ്ട്. ഇതില്‍ ഏറ്റവും വലുതാണ് ഗ്രേറ്റ് പസിഫിക് ഗാര്‍ബേജ് പാച്ച് എന്നു മാത്രം. പസഫിക്കിനു പുറമെ മറ്റ് സമുദ്രങ്ങളിലും ഇത്തരത്തില്‍ മാലിന്യ കൂമ്പാരം കാണപ്പെടുന്നുണ്ട്.

സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബൊയാന്‍ സ്ലാട്ട് എന്ന വ്യക്തി ദി ഓഷ്യന്‍ ക്ലീനപ് എന്ന കൂട്ടായ്മ സ്ഥാപിച്ചത്. ഈ കൂട്ടായ്മയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനത്തിന് രൂപം നല്‍കിയതും. ഇംഗ്ലിഷ് അക്ഷരമാലയിലെ യു ആകൃതിയിലുള്ള ഒരു വലിയ വസ്തു കടലില്‍ സ്ഥാപിക്കുകയാണ് ഇവർ ചെയ്യുക. ഇതിനുള്ളിലേക്ക് കയറുന്ന പ്ലാസ്റ്റിക് പുറത്തേക്കു പോകാതെ കുടുങ്ങി കിടക്കും. അതായത് ഒരു വലയ്ക്ക് തുല്യം.

തുടക്കത്തില്‍ പ്ലാസ്റ്റിക് മാലിന്യം തിരികെ പുറത്തേക്കു പോകുന്നതുള്‍പ്പെടെയുള്ള വീഴ്ചകള്‍ ഉണ്ടായിരുന്നു. അതിനാലാണ് പ്ലാസ്റ്റിക് ശേഖരണം വീണ്ടും വൈകിയതും. എന്നാല്‍ പിന്നീട് ഈ കുറവുകള്‍ പരിഹരിച്ചതോടെ ഇപ്പോള്‍ കാര്യമായ തെറ്റുകുറ്റങ്ങള്‍ ഇല്ലാതെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കുറവുകള്‍ പരിഹരിക്കപ്പെട്ടതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ശേഖരിക്കപ്പെട്ട മാലിന്യമാണ് ഇപ്പോള്‍  കരയിലേക്കെത്തിച്ചത്.

ഡിസംബറിലാണ്  ദി ഓഷ്യന്‍ ക്ലീനപ്പ് ശേഖരിച്ച ആദ്യ ഘട്ട പ്ലാസ്റ്റിക് മാലിന്യം വാന്‍കൂവര്‍ തുറമുഖത്തെത്തിച്ചത്. അറുപത് ബാഗുകളിലായാണ് ഈ മാലിന്യം ശേഖരിച്ചത്. ഇതാദ്യമായാണ് കടലിലേക്ക് പുറന്തള്ളിയ മാലിന്യം ശേഖരിച്ച് കരയിലേക്കെത്തിക്കുന്നതും. പദ്ധതി വിജയകരമായ സാഹചര്യത്തില്‍ പസിഫിക്കില്‍ തന്നെ കൂടുതല്‍ ഭാഗങ്ങളിലേക്കും, ലോകത്തിന്‍റെ വിവിധ മേഖലകളിലേക്കും ഇത്തരത്തില്‍ പ്ലാസ്റ്റിക് ശേഖരണ സംവിധാനമെത്തിക്കണം എന്നതാണ് ഓഷ്യന്‍ ക്ലീനപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യാന്തരസംഘടനകളുടെ സഹായം ലഭ്യമാകണമെന്നു മാത്രം. 

English Summary:That Ocean Garbage Collector Is Finally Hauling in Bags of Plastic Waste