സമുദ്രത്തിൽ വൈകാതെ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളാകും ഉണ്ടാകുക എന്നാണ് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച്  ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്. വര്‍ഷം തോറും സമുദ്രത്തിലേക്ക് പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവ് കണക്കാക്കിയാല്‍ ഇതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് കാണാനാകും. എന്നാല്‍ സമുദ്രത്തിലേക്ക് എത്തുന്ന പ്ലാസ്റ്റിക്കിന്‍റെ ഒരു ശതമാനത്തോളം മാത്രമേ അവിടെ ഒഴുകി നടക്കുന്നുള്ളൂ എന്നതാണ് മറ്റൊരു വസ്തുത. ശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എവിടേക്ക് പോകുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍.

ഇത്ര നാളും ഇങ്ങനെ അപ്രത്യക്ഷമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറിച്ചുള്ള പഠനം കേന്ദ്രീകരിച്ചിരുന്നത് കടലിന്‍റെ അടിത്തട്ടുകളിലും പ്ലാസ്റ്റിക് അറിയാതെ ഭക്ഷണമാക്കുന്ന ജീവികളിലും ആയിരുന്നു. എന്നാല്‍ ഇപ്പോളാണ് ഭൂരിഭാഗം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും എവിടേക്ക് പോകുന്നു എന്നതിന് വ്യക്തമായ ഉത്തരം ഗവേഷകര്‍ക്ക് ലഭിച്ചത്. കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയൊരു അളവ് കരയിലേക്ക് തന്നെ തിരിച്ചെത്തുന്നു എന്നതാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇവയെല്ലാം തന്നെ തീരപ്രദേശങ്ങളിലും തീരമേഖലകളിലെ ചെടികളിലുമായി കുന്നു കൂടി കിടക്കുകയാണ്.

ലിറ്റോറല്‍ സോണ്‍

സമുദ്രങ്ങളിലേക്കെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ 90 ശതമാനവും ലിറ്റോറല്‍ സോണ്‍ എന്ന് വിളിക്കുന്ന പ്രദേശത്ത് കുടുങ്ങി കിടക്കുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കരയില്‍ നിന്ന് 8 കിലോമീറ്റര്‍ വരെയുള്ള സമുദ്രമേഖലയെ ആണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ലിറ്റോറല്‍ സോണ്‍ എന്ന് വിളിക്കുന്നത്. ഏറ്റവുമധികം മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്ന മേഖല ആയതിനാലാണ് ലിറ്റോറല്‍ സോണ്‍ അഥവാ മാലിന്യ മേഖല എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചതും.

ഇങ്ങനെ സമുദ്രത്തിലേക്ക് എത്തുന്ന മാലിന്യങ്ങളില്‍ ലിറ്ററല്‍ സോണില്‍ തുടരുന്നവ വൈകാതെ തീരത്തടിയുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. പ്രത്യേകിച്ചും ജനവാസ കേന്ദ്രങ്ങള്‍ അടുത്തുള്ള തീരമേഖലകളിലും, കൂടുതല്‍ ആളുകള്‍ എത്തുന്ന തീരമേഖലകളിലും ഇത്തരത്തില്‍ മാലിന്യ കൂമ്പാരം കടല്‍തീരത്തടിയുന്നത് കൂടുതലാണ്. ചുറ്റുമുള്ള തീരപ്രദേശങ്ങള്‍ നിരീക്ഷിച്ചാല്‍ തന്നെ ഇക്കാര്യം മനസ്സിലാക്കാവുന്നതേ ഉള്ളൂവെന്ന് ഗവേഷകര്‍ പറയുന്നു.

അതേസമയം ഇങ്ങനെ തീരമേഖലയില്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിയ്ക്കും ജീവജാലങ്ങള്‍ക്കും ഭീഷണി ആകുന്നില്ലെന്നു കരുതരുത്. തീരമേഖലയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് കടലിലും കരയിലും ഉള്ള ജീവികള്‍ അകത്താക്കാറുണ്ട്. കടല്‍പക്ഷികളും മറ്റും ഏറ്റവുമധികം പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് തീരമേഖലയില്‍ നിന്ന് തന്നെയാണ്.

മലിനീകരണം ഒഴിവാക്കാം

കടലിലേക്ക് ഏറ്റവുമധികം മാലിന്യം എത്തിപ്പെടുന്നത് തീരപ്രദേശങ്ങള്‍ വഴിയാണ്. കപ്പല്‍ മൂലമോ മറ്റേതെങ്കിലും മാര്‍ഗത്തിലും കടലിലേക്ക് പ്ലാസ്റ്റിക് എത്തുന്നത് വളരെ ചെറിയ അളവില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണവും മാര്‍ഗനിര്‍ദ്ദേശങ്ങളും നടപ്പിലാക്കായാല്‍ കടലിലെ മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. തീരപ്രദേശത്തും സമീപത്തുമായി ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ഈ മാലിന്യം തിരികെ കടലിലേക്ക് പോകുന്നത് തടയുകയും ചെയ്യും.

കാന്‍ബറയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ പ്ലാസ്റ്റിക് സമ്മേളനത്തിലാണ് സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തെ സംബന്ധിച്ച പുതിയ പ്രബന്ധം അവതരിക്കപ്പെട്ടത്. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകര്‍ ചേര്‍ന്നാണ് ഈ പഠനം പൂര്‍ത്തിയാക്കിയത്. രാജ്യാന്തരതലത്തില്‍ പ്ലാസ്റ്റിക് മാലിന്യം കയറ്റി അയക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൂടി വന്ന സാഹചര്യത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ തുറസ്സായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.