മൂന്നാറിൽ പ്രവേശന വിലക്ക് മൂലം സഞ്ചാരികൾ ഒഴിഞ്ഞതോടെ ഇരവികുളത്തിന്റെ നിശബ്ദതയിൽ വരയാടുകൾക്ക് സുഖ പ്രസവം. ഇവയുടെ പ്രജനന സീസൺ നേരത്തെ ആരംഭിച്ചത് മൂലം ഇത്തവണ ജനുവരി 21 മുതലാണ് ഇരവികുളം ദേശീയോദ്യാനത്തിലെ ടൂറിസം സോൺ ആയ രാജമലയിൽ സന്ദർശകർക്ക് 2 മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്.

രാജമലയിൽ മാത്രം വരയാടുകളുടെ 13 നവജാത ശിശുക്കളെ ആണ് ഇതുവരെ കാണാനായത്. ഇരവികുളത്തിന്റെ ഉൾപ്രദേശങ്ങളിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ടാകും എന്നാണ് കണക്കുകൂട്ടൽ. സാധാരണ ഫെബ്രുവരി 1 മുതലാണ് സന്ദർശക നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇക്കുറി പ്രജനന സീസൺ നേരത്തെ ആയതുകൊണ്ടാണ് നിരോധനം നേരത്തെ ആക്കാൻ കാരണം.

ശരാശരി 90 കുഞ്ഞുങ്ങൾ വരെയാണ് ഓരോ സീസണിലും ഇവിടെ പിറക്കുന്നത് ഇത്തവണ കൂടുതൽ കുട്ടികളെ പ്രതീക്ഷിക്കുന്നുണ്ട്. പ്രസവ സീസണ് ശേഷം എല്ലാ വർഷവും ഏപ്രിൽ, മെയ് മാസങ്ങളിൽ വന്യജീവി വകുപ്പ് വരയാടുകളുടെ കണക്കെടുപ്പ് നടത്താറുണ്ട്.