ഒരു ഇരയെ വേട്ടയാടാന്‍ മണിക്കൂറില്‍ നൂറു കിലോമീറ്ററിനും മുകളില്‍ കുതിച്ചു പായുന്ന പുള്ളിപ്പുലിയെ നിങ്ങള്‍ക്കറിയാം. കരുത്തുറ്റ കാട്ടു പോത്തിനെയും ആനയേയും അടിച്ചു വീഴ്ത്തുന്ന സിംഹത്തിന്‍റെ കരുത്തും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പക്ഷേ ഇരയെ ആക്രമിച്ച് അതു ചാകാൻ ഒരു ദിവസത്തിലേറെ കാത്തിരുന്നു ക്ഷമയോടെ ഭക്ഷണമാക്കുന്ന ഒരു ജീവിയുണ്ട്. കാഴ്ചയില്‍ കൂറ്റന്‍ പല്ലിയുടെ രൂപവും വേട്ടയാടുമ്പോള്‍ മുതലയ്ക്കു സമാനമായ പതുങ്ങലും ഇരയെ കൊല്ലാന്‍ പാമ്പിന്‍റെ മാര്‍ഗവും സ്വീകരിക്കുന്ന ഇഴജന്തു, കൊമാഡോ ഡ്രാഗണ്‍. ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗമാണിത്.

മുകളില്‍ പറഞ്ഞതെല്ലാം കെട്ടുകഥയാണോ യാഥാർഥ്യമാണോ എന്ന തര്‍ക്കം ഗവേഷകര്‍ക്കിടയില്‍ ഇപ്പോഴും തുടരുകയാണ്. കാരണം ചിലരുടെ നിരീക്ഷണത്തില്‍ ഇരയെ വിഷം കുത്തി വച്ചു നിര്‍വീര്യമാക്കി ക്ഷമയോടെ കാത്തിരുന്ന് ഒടുവില്‍ ഭക്ഷണമാക്കുന്ന ജീവിയാണ് കൊമാഡോ ഡ്രാഗണ്‍. ചിലര്‍ക്കാകട്ടെ ഒരു ജീവിയെ പോലും വേട്ടയാടാന്‍ ശാരീരിക ക്ഷമതയോ വേഗതയോ ഇല്ലാത്ത മിക്കപ്പോഴും ചെറുജീവികളെ തിന്നു വിശപ്പടക്കും വല്ലപ്പോഴും മാത്രം ലോട്ടറി അടിക്കുന്നത് പോലെ വലിയ ജീവികളെ ഇരയാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന ദുര്‍ബലരാണ് കൊമാഡോ ഡ്രാഗണുകള്‍. ഈ തര്‍ക്കം പോലെ തന്നെയാണ് കൊമാഡോ ഡ്രാഗണുകള്‍ ഇരയുടെ മേല്‍ കുത്തി വയ്ക്കുന്നതു വിഷമോ ബാക്ടീരിയയോ എന്ന സംശയവും.

36 മണിക്കൂര്‍ നേരത്തെ കാത്തിരിപ്പ്

ഇരയെ കടിച്ച ശേഷം അതിനെ വേട്ടയാടാന്‍ കൊമാഡോ ഡ്രാഗണ്‍ എന്ന ജീവി കാത്തിരിക്കുന്ന ശരാശരി സമയമാണിത്. മാനും പന്നിയും മുതല്‍ കൂറ്റന്‍ കാട്ടു പോത്തിനേയും അപൂര്‍വമായി മനുഷ്യരെയും വരെ ഇവ പതിയിരുന്നു വേട്ടയാടി കൊന്നു തിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. നിരവധി കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗവേഷകര്‍ ഒരേ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നത് കൊമാഡോ ഡ്രാഗണുകളുടെ ക്ഷമയുടെ കാര്യത്തിലാണ്. ഒരു ഇരയെ കടിച്ചു കഴിഞ്ഞാൽ മണിക്കൂറുകളോളം അതിന്‍റെ മരണം വരെ അതിനെ പിന്തുടര്‍ന്നു കണ്ടെത്തി ഭക്ഷണമാക്കുന്നവയാണ് ഈ കൊമാഡോ ഡ്രാഗണുകള്‍.

ഒരിക്കല്‍ ഓസ്ട്രേലിയിലും ഏഷ്യയിലും വ്യാപകമായി കാണപ്പെട്ടിരുന്ന ഭൂമിയിലെ ഏറ്റവും വലിയ ഈ പല്ലിവര്‍ഗം ഇന്ന് ഏതാനും ദ്വീപുകളിലും ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലുമാണ് അവശേഷിക്കുന്നത്. ഇവയില്‍ ഇന്തോനീഷ്യയിലെ ചില ദ്വീപുകള്‍ ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലേക്കും ഈ കൂറ്റന്‍ കൊമാഡോ ഡ്രാഗണുകള്‍ എത്തിയത് മനുഷ്യരെത്തുന്നതിനും ഏതാണ്ട് ആയിരം വര്‍ഷം മുന്‍പു മാത്രമാണ്. ഇവ വിദഗ്ധരായ വേട്ടക്കാരായിരുന്നുവെങ്കില്‍ വിശാലമായ ഒരു പ്രദേശത്തു നിന്ന് ഇത്രയും ചുരുങ്ങി ചില ദ്വീപുകളിലേക്കു മാത്രം ഒതുങ്ങി പോകില്ലായിരുന്നുവെന്നാണ് ഒരു സംഘം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

കുത്തി വയ്ക്കുന്നത് ബാക്ടീരിയയോ വിഷമോ

പൂര്‍ണ വളര്‍ച്ചയെത്തിയ കൊമാഡോ ഡ്രാഗണ് ഒരു മനുഷ്യന്‍റെ നീളമുണ്ടാകും. വന്യജീവികളെ മുതല്‍ വളര്‍ത്തു മൃഗങ്ങളായ കന്നുകാലികളെ വരെ വേട്ടയാടുന്നതില്‍ ഇവ കുപ്രസിദ്ധരാണ്.അപാരമായ ക്ഷമയ്ക്കൊപ്പം വേട്ടയാടാന്‍ ഇവയെ സഹായിക്കുന്നത് ഇവ കടിക്കുമ്പോള്‍ ഇരയിലേക്കു കുത്തി വയ്ക്കപ്പെടുന്ന ഒരു ഘടകമാണ്. 2013 വരെ കൊമാഡോ ഡ്രാഗണുകള്‍ ഇരയിലേക്കു കുത്തി വയ്ക്കുന്നത് വിഷമാണോ ബാക്ടീരിയ ആണോ എന്നതു സംബന്ധിച്ച തര്‍ക്കം തുടര്‍ന്നിരുന്നു. പിന്നീട് ഇതു വിഷമാണെന്ന നിഗമനത്തിലേക്കെത്തിയെങ്കിലും ഒരിനം ബാക്ടീരിയയ്കും ഇരയുടെ മരണത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന കണ്ടെത്തല്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.

1980 കളില്‍ വാള്‍ട്ടന്‍ അഫന്‍ബര്‍ഗ് എന്ന ഗവേഷകനാണ് കൊമാഡോ ഡ്രാഗണുകളെ ആദ്യമായി വിശദമായ നിരീക്ഷണത്തിനു വിധേമാക്കുന്നത്. അഫന്‍ബര്‍ഗാണ് ഇരയെ കടിച്ച ശേഷം അവയുടെ മരണം വരെ മണിക്കൂറുകളോളം പിന്തുടര്‍ന്ന് കാത്തിരിക്കുന്ന കൊമാഡോ ഡ്രാഗണുകളുടെ രീതി കണ്ടെത്തിയതും. കൊമാഡോ ഡ്രാഗണുകളുടെ കടിയേറ്റാല്‍ ആ ജീവിയുടെ ശരീരത്തിനു പുറത്തു പല തരത്തിലുള്ള പാടുകളും വൈറസ്, ഫംഗസ് ബാധ പോലുള്ള അടയാളങ്ങളും ഉണ്ടാകുന്നതായി അഫന്‍ബര്‍ഗ് കണ്ടെത്തി. കൂടാതെ ജീവി ക്ഷീണിച്ചവശനായി മരിക്കുന്നതായും അഫന്‍ബര്‍ഗ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കടിയേറ്റ ഭാഗവും കൊമാഡോ ഡ്രാഗണുകളുടെ വായും പരിശോധിച്ചതോടെ അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യവും അഫന്‍ബര്‍ഗ് കണ്ടെത്തി. ഇതോടെയാണ് കൊമാഡോ ഡ്രാഗണുകള്‍ ജീവികളില്‍ കുത്തിവയ്ക്കുന്നത് ബാക്ടീരിയയാണെന്ന നിഗമനത്തിലേക്കു ശാസ്ത്രലോകം എത്തിയത്.

തുടര്‍ന്ന് ഏകദേശം രണ്ടര പതിറ്റാണ്ടു കാലത്തോളം ഈ ധാരണ മാറാതെ നിന്നു. 2006 ലാണ് അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന പുതിയ വഴിത്തിരിവ് കൊമാഡോ ഡ്രാഗണുകളെ സംബന്ധിച്ച ഗവേഷണത്തില്‍ ഉണ്ടാകുന്നത്. കൊമാഡോ ഡ്രാഗണുകളുടെ വംശനാശം സംഭവിച്ച മുന്‍ഗാമികളായ മോണിട്ടര്‍ ലിസാര്‍ഡ് എന്ന ജീവികള്‍ വിഷം കുത്തി വച്ചാണ് ഇരകളെ കൊന്നിരുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. മോണിട്ടര്‍ ലിസാര്‍ഡും അകന്ന ബന്ധുക്കളായ പാമ്പുകളും വിഷം ഉപയോഗിക്കുമ്പോൾ കൊമാഡോ ഡ്രാഗണുകള്‍ മാത്രം എങ്ങനെയാണ് ബാക്ടീരിയകളെ ഉപയോഗിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നു.

2013 ലെ വഴിത്തിരിവ്

2006ല്‍ ഉയര്‍ന്ന സംശയത്തെ  തുടര്‍ന്ന് പിന്നീട് കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടന്നു. ഒടുവില്‍ 2013 ല്‍ അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലുകളെ ഖണ്ഡിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് സര്‍വകലാശാല ഗവേഷകന്‍ ബ്ര്യാന്‍ ഫ്രൈ കൊമാഡോ ഡ്രാഗണുകളും ഇരകളില്‍ കുത്തി വയ്ക്കുന്നതു വിഷമാണെന്നു പ്രഖ്യാപിച്ചു. വിഷം മാത്രമല്ല കൊമാഡോ ഡ്രാഗണിന്‍റെ ആഴത്തിലുള്ള കടിയേറ്റതിനെ തുടര്‍ന്നു രക്തം വാര്‍ന്നു പോകുന്നതും ഇരകളുടെ മരണത്തിനു മറ്റൊരു കാരണമാകുന്നതായും ബ്ര്യാന്‍ തിരിച്ചറിഞ്ഞു. ഇങ്ങനെ വിഷം ഉള്ളില്‍ ചെല്ലുന്ന ജീവിയുടെ രക്തസമ്മര്‍ദത്തില്‍ പതിയെ കുറവുണ്ടാകുന്നു. ഇതോടൊപ്പം രക്തം വാര്‍ന്നു പോകുന്നത് ഇരയെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്യുന്നു എന്നും ബ്ര്യാന്‍  വിശദീകരിച്ചു.

കടിയേറ്റ് ഒരു ദിവസം കഴിഞ്ഞാണ് അഫന്‍ബര്‍ഗ് ഇരയായ കാട്ടുപോത്തിന്‍റെ ശരീരം പരിശോധിച്ചത്. ഈ കാലയളവിനിടയില്‍ മുറിവലുണ്ടായ ബാക്ടീരിയകളാകാം അഫന്‍ബര്‍ഗിനെ തെറ്റിധരിപ്പിച്ചതെന്നും ബ്ര്യാന്‍ കരുതുന്നു. ഇരയെ ഭക്ഷിച്ച കൊമാഡോ ഡ്രാഗണിന്‍റെ വായിലും ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുക സ്വാഭാവികമാണ്. അതേസമയം ഇരയെ ഭക്ഷിച്ച ശേഷം വായ അതീവ ശുചിത്വത്തോടെ സൂക്ഷിക്കുന്ന ജീവികളാണ് കൊമാഡോ ഡ്രാഗണുകള്‍. അതുകൊണ്ടു തന്നെ ഇവയുടെ വായില്‍ ഇതേ ബാക്ടീരിയകള്‍ അധികസമയം നിലനില്‍ക്കില്ലെന്നും ബ്ര്യാന്‍ വിശദീകരിക്കുന്നു.

പോത്തുകള്‍ സ്വയം ഒരുക്കുന്ന കെണി

2013 ല്‍ ബ്ര്യാന്‍ ഫ്രൈ നടത്തിയ ഈ കണ്ടെത്തലിനെയും ചോദ്യം ചെയ്യുന്ന ചില വാദഗതികള്‍ പിന്നീടുയര്‍ന്നു വന്നു. ഇക്കാര്യത്തില്‍ പഠനങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ ഇവ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ വാദങ്ങള്‍ അനുസരിച്ച് കൊമാഡോകള്‍ വിഷം കുത്തി വയ്ക്കുന്നതു കൊണ്ട് മാത്രം പോത്തുകള്‍ ചാവുകയില്ല. കുരങ്ങും മാനും പോലുള്ള ജീവികള്‍ പോലും പലപ്പോഴും കൊമാഡോയുടെ കടിയേറ്റാലും രക്ഷപ്പെടാറുണ്ട്. മാത്രമല്ല കൊമാഡോ ഡ്രാഗണുകള്‍ മിക്കപ്പോഴും ആഹാരമാക്കുന്നത് ചെറുജീവികളെയുമാണ്. അപ്പോള്‍ പോത്തുകള്‍ മാത്രമെങ്ങനെ കൊമാഡോ ഡ്രാഗണുകളുടെ കടിയേറ്റു ചാകുമെന്ന ചോദ്യമാണ് പുതിയ പഠനങ്ങള്‍ നടത്തുന്ന ഗവേഷകര്‍ ഉയര്‍ത്തുന്നത്.

ഇതിനിപ്പോള്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്ന വിശദീകരണം ഇങ്ങനെയാണ്. കൊമാഡോ ഡ്രാഗണുകള്‍ ഏല്‍പ്പിക്കുന്ന മുറിവും കുത്തി വയ്ക്കുന്ന വിഷവും പോത്തുകളെ സ്വാഭാവികമായി തളര്‍ത്തും. ഇതില്‍ നിന്നു രക്ഷനേടാന്‍ ഇവ ആശ്രയിക്കുന്നത് ചെളിക്കുണ്ടുകളെയാണ്. സ്വതവേ വെള്ളവും ചെളിക്കുണ്ടും ഇഷ്ടപ്പെടുന്ന പോത്തുകള്‍ ശരീരത്തിനു തളര്‍ച്ചയുണ്ടായാല്‍ ഇത്തരം പ്രദേശങ്ങളില്‍കൂടുതല്‍ സമയം ചിലവഴിക്കും. ഈ ശീലം ഇവയ്ക്ക് സ്വയം വിനയാകുന്നു എന്നതാണ് പുതിയ നിരീക്ഷണം. കൊമാഡോകള്‍ ഏല്‍പ്പിച്ച മുറിവ് വേഗത്തില്‍ ഉണങ്ങുന്ന മുറിവുകളല്ല.

സ്വാഭാവികമായും വൃത്തിയില്ലാത്ത ചെളിക്കുണ്ടില്‍ സ്വന്തം മൂത്രത്തിലും ചാണകത്തിലും കിടക്കുന്ന പോത്തുകള്‍ക്ക് മാരകമായ അലര്‍ജി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. ഇത് ക്രമേണ ഇവയുടെ ശരീരം തളര്‍ത്തുന്നതിന് ആക്കം കൂട്ടുന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിനു കാരണമാകും. ഇങ്ങനെ വിഷവും, ബാക്ടീരിയകളും പോത്തുകളെ മരണത്തിലേക്കു പതിയെ തള്ളിവിടുമെന്നാണ് പുതിയ പഠനം നടത്തിയ ഗവേഷകര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. ഈ പഠനം എത്രത്തോളം വിശ്വസനീയമാണെന്ന് ഇതിന്‍റെ അന്തിമ ഫലം ലഭ്യമായ ശേഷം മാത്രമേ പറയാനാകൂ. അതുവരെ കൊമാഡോ ഡ്രാഗണുകള്‍ പോത്തുകളെ കൊല്ലുന്നതു വിഷം ഉപയോഗിച്ചാണെ ബാക്ടീരിയ ഉപയോഗിച്ചാണോയെന്ന തര്‍ക്കം തുടരാനാണ് സാധ്യത.