ആമസോൺ വനത്തിനുള്ളിൽ 36 അടിയോളം നീളമുള്ള കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടതിന്റെ അമ്പരപ്പിലാണ് ശാസ്ത്രലോകം.ബ്രസീലിലെ ദ്വീപായ മാരാജോയിലാണ് വെള്ളിയാഴ്ച തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ഒരു വയസ്സോളം പ്രായമുള്ള കൂനൻ തിമിംഗലമാണിതെന്നു വിദഗ്ധർ വ്യക്തമാക്കി. 

ആമസോൺ നദീതീരത്തു നിന്നും മാറി കണ്ടൽക്കാടിനു നടുവിലാണ് തിമിംഗലത്തിന്റെ ജഡം കാണപ്പെട്ടത്. ഇവിടെ നിന്നും പതിനഞ്ചു മീറ്ററോളം മാറിയാണ് കടൽ സ്ഥിതിചെയ്യുന്നത്. മാരാജോയിലെ എൻജിഒ പ്രവർത്തകരാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. തിമിംഗലത്തിന്റെ ജഡം കാടിനുള്ളിൽ എങ്ങനെയെത്തിയെന്ന അമ്പരപ്പിലാണ് സമുദ്രഗവേഷകരും.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടങ്ങളിൽ വേലിയേറ്റം രൂക്ഷമായിരുന്നു. കനത്ത വേലിയേറ്റത്തിൽ തിമിംഗലത്തിന്റെ ജഡം കരയിലേക്ക് അടിച്ചുകയറിയതാകാമെന്നാണ് ഇവരുടെ നിഗമനം.എന്തായാലും തിമിംഗലത്തിന്റ മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താനായി ഗവേഷകർ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.