ഉദുമൽപേട്ടയിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി പൊതുജനങ്ങൾക്ക് ഭീഷണിയായതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി മുതുമലയിൽ എത്തിച്ച ചിന്നത്തമ്പി എന്ന കാട്ടാനയെ ചട്ടം പഠിപ്പിക്കുന്നു. ഉറുദു, അസമീസ് ഭാഷകളിൽ ചട്ടം (48 കട്ടളകൾ) പഠിപ്പിക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചു. വരകളിയാർ ആന വളർത്തൽ കേന്ദ്രത്തിലാണ് പരിശീലനം.

കാട്ടാനയെ കുങ്കി ആനകളാക്കി മാറ്റുന്നതിന് പരിശീലനം നൽകുന്നതിനുള്ള പ്രത്യേകം കൂട്ടിലാണ് ചിന്നത്തമ്പിയെ പാർപ്പിച്ചിരിക്കുന്നത്. മാലസ സമുദായക്കാരായ പാപ്പാന്മാരാണ് ആനയ്ക്ക് പരിശീലനം നൽകുന്നത്. ഉറുദു, അസമീസ് ഭാഷകളിലുള്ള  90 ചട്ടങ്ങൾ പഠിപ്പിക്കും. ഇവ പരമ്പരാഗതമായി ഈ സമുദായക്കാർക്കു കൈമാറി കിട്ടിയതാണ്. തലമുറകളായി കൈമാറി വന്ന നിർദേശങ്ങളാണ് മാലസ സമുദായക്കാർ ഇപ്പോഴും ഉപയോഗിക്കുന്നത്.

എന്നാൽ ഈ സമുദായക്കാർക്ക് ഈ 2 ഭാഷകളും പൂർണമായി അറിയില്ല എന്നതാണ് രസകരമായ കാര്യം. തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ ആനകളെ പാർപ്പിച്ച് പരിശീലനം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ആനയെ പാർപ്പിച്ചും ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് പരിശീലനം നൽകുന്നത്. ഒരാഴ്ച മുൻപാണ് ഉദുമൽ പേട്ടയ്ക്ക് സമീപത്തു നിന്ന് ആനയെ പിടികൂടിയത്.