ശരീരത്തിന്‍റെ ഏതെങ്കിലും അവയവം മുറിഞ്ഞു പോയാല്‍ മുളച്ചു വരുന്ന ജീവി ഏതെന്നു ചോദിച്ചാൽ പല്ലി എന്നായിരിക്കും പെട്ടെന്നോര്‍മ്മ വരിക. എന്നാല്‍ പല്ലിക്ക് വാല്‍ മാത്രമാണ് വീണ്ടും മുളയ്ക്കുന്നതെങ്കില്‍ തല പോയാലും വിഷയമല്ലാത്ത ചില ജീവികളുണ്ട്. സമുദ്രാന്തര്‍ ഭാഗത്തു കാണപ്പെടുന്ന റിബ്ബണ്‍ വേംസ് അഥവാ വിരകളുടെ ഗണത്തില്‍ പെട്ട ജീവികളാണ് തല പോയാലും മുളച്ചു വരുന്ന ജീവികള്‍. ഈ വിഭാഗത്തില്‍ പെട്ട 35 തരം ജീവികളില്‍ നാലെണ്ണത്തിലാണ് ഇങ്ങനെ തല വീണ്ടും മുളയ്ക്കുന്ന പ്രതിഭാസം കണ്ടെത്തിയത്.

തല പോയാലും പുല്ല് പോലെ

ടുബുലനസ് സെക്സ്‌ലിനേറ്റസ് എന്ന ശാസ്ത്രീയ നാമമുള്ള റിബ്ബണ്‍ വിരകളുടെ വര്‍ഗത്തില്‍ പെട്ട 35 ഇനം വിരകളെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഇവയില്‍ നാലിനങ്ങളിലാണ് തല പോയാല്‍ മറ്റൊന്നു മുളച്ചു വരുന്നത്. പുല്ല് അരിഞ്ഞാല്‍ ആ ഭാഗം വീണ്ടും ഉണ്ടാകുന്നതു പോലെയെന്നാണ് ഗവേഷകര്‍ വിരകളുടെ തല വീണ്ടും വളരുന്നതിനെ വിശേഷിപ്പിക്കുന്നത്. വിരകളില്‍ തല വളരുന്നതിനൊപ്പം തന്നെ തലച്ചോറു മുതല്‍ തലയുടെ ഭാഗമായുള്ള മറ്റെല്ലാം അവയവങ്ങളും വീണ്ടും ഉണ്ടാകുന്നു എന്നതാണ് ഗവേഷകരെ അമ്പരപ്പിക്കുന്നത്. 

ഒരു തരത്തില്‍ മനുഷ്യരുള്‍പ്പടെയുള്ള എല്ലാ ജീവികളിലും ഏതെങ്കിലുമൊക്കെ ശരീരഭാഗം മുറിച്ച് കളഞ്ഞാലും വീണ്ടും മുളച്ചു വരാറുണ്ട്. മനുഷ്യരുടെ ത്വക്ക് ഇതിനുദാഹരണമാണ്. കൈകൈലുകള്‍ പോലുള്ള അവയവങ്ങള്‍ മുറിഞ്ഞു പോയാലും മറ്റൊന്നു വളർന്നു വരുന്ന ജീവികളും ധാരാളമുണ്ട്. ചിലന്തികളും സലാ‌മാന്‍ഡറുകളും നക്ഷത്രമത്സ്യങ്ങളുമൊക്കെ ഇങ്ങനെ കൈകാലുകള്‍ വീണ്ടും വളരുന്ന ജീവികളില്‍ ഉള്‍പ്പെടുന്നു. 

എന്നാല്‍ ഇവയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് റിബ്ബണ്‍ വിരകളുടെ കാര്യം. ഈ വിരകളെ മനുഷ്യരുമായി താരതമ്യപ്പെടുത്തിയാല്‍ ഇക്കാര്യം ബോധ്യമാകും. മനുഷ്യനിലാണ് ഈ പ്രതിഭാസമുണ്ടാകുന്നതെങ്കില്‍ ഒരു തല പോയി മറ്റൊന്നു മുളയ്ക്കുമ്പോള്‍ അതിനൊപ്പം പുതിയൊരു മനുഷ്യന്‍ കൂടിയാണ് ജനിക്കുന്നത്. കാരണം പുതിയ തലയുടെ വ്യക്തത്വം പഴയ തലയുടേതു പോലെ തന്നെയാകണം എന്നു നിര്‍ബന്ധമില്ല. ഇത്തരത്തില്‍ ഒരു ജീവിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന ജീവന്‍റെ അടിസ്ഥാനമായ തല പഴയതു പോയി പുതിയത് മുളച്ചു വരികയെന്നത് അദ്ഭുതമായാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

ഓര്‍മ്മകളും തിരികെ പിടിക്കും.

റിബ്ബണ്‍ വിരകള്‍ ഗവേഷകരെ ഞെട്ടിച്ചതു മനുഷ്യരെ പോലും പരാജയപ്പെടുത്തുന്ന രീതിയിലുള്ള ഒരു കഴിവിന്‍റെ കാര്യത്തിലാണ്. മനുഷ്യന് തല പോയി മറ്റൊന്നു വന്നാല്‍ നഷ്ടമാകുന്നത് അതുവരെയുള്ള ഓര്‍മകളായിരിക്കും എന്നുറപ്പാണ്. എന്നാല്‍ ഈ വിരകളുടെ കാര്യത്തില്‍ ഇവയ്ക്ക് പുതിയ തല വന്ന ശേഷം പഴയ തലച്ചോറില്‍ നിന്നുള്ള ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

മറ്റൊരു നിര്‍ണായക കണ്ടെത്തല്‍ കൂടി ഈ വിരകളുടെ കാര്യത്തിലുണ്ടായി. ഒരേ വിഭാഗത്തില്‍ പെട്ട വിരകള്‍ക്കെല്ലാം തന്നെ ഇത്തരത്തില്‍ തല വീണ്ടും മുളച്ചു വരുന്നതിനുള്ള കഴിവില്ല. മിക്ക വിരകള്‍ക്കും ശരീരത്തിന്‍റെ തലയൊഴിച്ച് ഏതു ഭാഗം മുറിഞ്ഞ് പോയാലും വീണ്ടും വളര്‍ത്താന്‍ കഴിയും. എന്നാല്‍ തല വീണ്ടും വളരുന്നതായി കണ്ടെത്തിയത് രണ്ട് ലക്ഷത്തില്‍ ഒരു വിരയില്‍ മാത്രമാണ്. ഇക്കാരണം കൊണ്ടു തന്നെ ഈ വിഭാഗത്തില്‍ പെട്ട പുതിയ തലമുറ വിരകള്‍ക്ക് തല വീണ്ടും വളര്‍ത്താനുള്ള ശേഷി ഇല്ലാതാകുന്നുവെന്ന് ഒരു സംഘം ഗവേഷകര്‍ കരുതുന്നു എന്നാല്‍ വിരകളില്‍ തല വീണ്ടും വളര്‍ത്താനുള്ള കഴിവ് ഉടലെടുത്തിട്ട് അധികം വര്‍ഷമായില്ലെന്നും അതിനാല്‍ തന്നെ പുതിയ തലമുറ വിരകള്‍ക്കും ഈ കഴിവ് ഇപ്പോഴും ഉണ്ടെന്നും ഇവർ വിശദീകരിക്കുന്നു. ഏതായാലും ഈ തര്‍ക്കം പരിഹരിക്കാന്‍ കൂടുതല്‍ കാലത്തേക്ക് വിരകളെ നിരീക്ഷിക്കേണ്ടി വരുമെന്നു സാരം.