ബ്രസീലിലെ തിരക്കേറിയ റോഡിലൂടെ ഇഴഞ്ഞു നീണ്ടുന്ന ഭീമൻ അനക്കോണ്ടയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. പോർട്ടോ വെലോ പട്ടണത്തിനു സമീപത്തെ നിരത്തിലൂടെയാണ് വാഹനങ്ങളെ ഗൗനിക്കാതെ അനക്കോണ്ട ഇഴഞ്ഞു നീങ്ങിയത്. തിരക്കേറിയ റോഡിൽ പാമ്പ് പ്രത്യക്ഷപ്പെട്ടതോടെ കുറച്ച് സമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. പലരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പാമ്പിന്റെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു.

തിരക്കേറിയ ഹൈവേയിലൂടെയായിരുന്നു പാമ്പ് ഇഴഞ്ഞു നീങ്ങിയത്. ഏകദേശം 10 അടിയോളം നീളവും 29 കിലോയോളം ഭാരവുമുള്ള പാമ്പായിരുന്നു ഇത്. റോഡിന്റെ മറുവശത്തെത്തിയ പാമ്പ് സമീപത്തുള്ള കുറ്റിക്കാട്ടിൽ മറഞ്ഞു. ഇരതേടിയാകാം പാമ്പ് തിരക്കേറിയ നഗരത്തിലെത്തിയതെന്നാണ് നിഗമനം.

എലികളും മറ്റു ചെറു ജീവികളുമൊക്കെയാണ് അനക്കോണ്ടയുടെ പ്രധാന ആഹാരം. ചതുപ്പ് നിലങ്ങളിലും ചെറിയ അരുവികൾക്കു സമീപവും മഴക്കാടുകളിലുമൊക്കെയാണ് അനക്കോണ്ടയുടെ വാസസ്ഥലം. അവിടെനിന്ന് തിരക്കേറിയ നഗരത്തിൽ എങ്ങനെയെത്തി എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. അനക്കോണ്ടയെ കണ്ടെത്തിയ സ്ഥലത്തെ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വീടിനു സമീപത്ത് ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുതെന്നും വളർത്ത് മൃഗങ്ങളായ നായ, പൂച്ച തുടങ്ങിയവയെ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറ്റാലോ നസിമെൻഡോ ഫെർണാണ്ടസ് എന്നയാളാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്ങു വച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.