റെയ്ന്‍ ഡിയര്‍ എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരിക സാന്താക്ലോസിന്‍റെ വാഹനവും വലിച്ചു കൊണ്ടോടുന്ന കൊമ്പുള്ള മാനുകളെ പോലുള്ള ജീവികളെയാണ്. എന്നാൽ റെയ്ന്‍ഡിയറുകൾ പലതരത്തിലുണ്ട്, ഇവയിലൊന്നാണ് സ്വാല്‍ബാര്‍ഡ് റെയ്ന്‍ഡിയറുകള്‍. ആര്‍ട്ടിക്കിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന ഈ റെയ്ന്‍ഡിയറുകള്‍ ഭൂമിയിലെ ഏറ്റവും വടക്കേ അറ്റത്തു താമസിക്കുന്ന സസ്യഭുക്കുകള്‍ കൂടിയാണ്. സ്വതവേ വര്‍ഷം മുഴുവന്‍ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത് സസ്യഭുക്കായ റെയ്ന്‍ഡിയറിന് ജീവിതം അത്ര എളുപ്പമല്ല. പക്ഷേ ഭക്ഷണം കണ്ടെത്താനുള്ള സ്വാല്‍വാര്‍ഡ് റെയിന്‍ഡിയറിന്‍റെ ബുദ്ധിമുട്ട് പലമടങ്ങ് ഇരട്ടിയാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം.

വളരെ കുറച്ചു മാത്രം പച്ചപ്പുള്ള നോര്‍വേയുടെ വടക്കന്‍ മേഖലകളിലാണ് സ്വാല്‍ബാര്‍ഡ് റെയ്ന്‍ഡിയറുകളെ കണ്ടുവരുന്നത്. ആഗോളതാപനം മഞ്ഞുരുക്കം വർധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും പുല്ല് വളരുന്ന പ്രദേശങ്ങള്‍ വർധിക്കേണ്ടതാണ്. പക്ഷേ മഞ്ഞു കുറയുന്നതനുസരിച്ച് വർധിക്കുന്ന മഴയാണ് നിലവിൽ പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചിരിക്കുന്നത്. അമിതമായി പെയ്യുന്ന മഴവെള്ളം കെട്ടി നിന്ന് അത് ശൈത്യകാലത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ മഞ്ഞായി മാറുന്നതിനു കാരണമാകുന്നു. ഇതോടെ സ്വാല്‍ബാര്‍ഡ് റെയ്ന്‍ഡിയറുകള്‍ക്ക് ആശ്രയമായിരുന്ന ശേഷിക്കുന്ന പുല്‍മൈതാനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ മഞ്ഞിനടിയിലാണ്. 

കടല്‍പ്പായലുകള്‍ തിന്നുന്ന റെയ്ന്‍ഡിയര്‍

പച്ചപ്പ് ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമായതോടെ കടല്‍പ്പായലുകള്‍ തിന്നേണ്ട ഗതികേടിലാണ് ഇപ്പോള്‍ റെയ്ന്‍ഡിയറുകള്‍. ഇക്കുറി ശൈത്യകാലത്ത് മേഖലയില്‍ സ്വാല്‍ബാര്‍ഡ് റെയ്ന്‍ഡിയറുകളില്‍ മിക്കവയേയും കടല്‍ത്തീരത്ത് പായല്‍ തിന്നുന്നതായി കണ്ടെന്നാണ് ഗവേഷകര്‍ക്കു ലഭിച്ച വിവരം. ആകെ ഇരുപതിനായിരത്തോളെ സ്വാല്‍ബാര്‍ഡ് റെയ്ന്‍ഡിയറുകളാണ് മേഖലയിലുള്ളത്. 

അതേസമയം കടല്‍പ്പായല്‍ അഥവാ സീ വീഡ് മാത്രം തിന്ന് ഇവയ്ക്ക് വിശപ്പടക്കാന്‍ കഴിയുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. മഞ്ഞ് മൂടാത്ത പച്ചപ്പുല്ലുകളുള്ള മേഖലയിലും ഇതേ റെയിന്‍ഡിയറുകളെ കാണുന്നുണ്ടെന്ന് പതിറ്റാണ്ടുകളായി ഇവയെ നിരീക്ഷിക്കുന്ന ബ്രജറ്റ് ഹാന്‍സണ്‍എന്ന നോര്‍വീജിയന്‍ സര്‍വകലാശാല ഗവേഷകന്‍ പറയുന്നു.വിശപ്പടക്കാന്‍ പാകത്തിലുള്ള പുല്ല് റെയിന്‍ഡിയറുകള്‍ക്ക് ലഭിക്കുന്നില്ല. അതേസമയം കടല്‍പ്പായലുകള്‍ കൊണ്ട് മാത്രം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇവയ്ക്ക് ലഭിക്കുന്നുമില്ല. ഇതാണ് പുല്‍മേട്ടിലും കടല്‍ത്തീരത്തും ഇടവിട്ട് ഭക്ഷണം തേടാന്‍ ഇവയെ പ്രേരിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

ഇവയില്‍ ഏറ്റവും ദയനീയം നേര്‍വെയുടെ വടക്കന്‍ മേഖലയിലുള്ള ദ്വീപുകളില്‍ കുടുങ്ങിപ്പോയ റെയ്ന്‍ഡിയറുകളുടേതാണ്. സാധാരണ ഗതിയില്‍ ശൈത്യകാലത്ത് രൂപപ്പെടുന്ന മഞ്ഞുപാളികളിലൂടെയാണ് ഇവ പുറത്തു കടക്കുന്നതും അതുവഴി കൂടുതല്‍ മേച്ചില്‍ സ്ഥലങ്ങള്‍ ലഭിക്കുന്നതും. എന്നാല്‍ ആഗോളതാപനത്തെ തുടര്‍ന്നുള്ള മഞ്ഞുരുക്കം വർധിച്ചതോടെ ഈ ജീവികളെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന ഈ മഞ്ഞുപാലങ്ങള്‍ അപ്രത്യക്ഷമായി. ഇതും ഈ ജീവികള്‍ കടല്‍പായലുകളിലേക്കു തിരിയാനുള്ള ഒരു കാരണമാണ്. 

കടല്‍പ്പായലുകള്‍ തിന്നുന്നത് ഒരു പക്ഷേ റെയ്ന്‍ഡിയറുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. ഉപ്പിന്‍റെ അംശം കടല്‍പ്പായലുകളില്‍ കൂടുതലാണ്. അതിനാല്‍ തന്നെ റെയ്ന്‍ഡിയര്‍ ഡയേറിയ എന്ന അവസ്ഥ ഇവയ്ക്കുണ്ടായേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത വിധമുള്ള പ്രതിസന്ധിയാണ് ആര്‍ട്ടിക്കിലെ വർധിക്കുന്ന താപനില മൂലം മറ്റു ജീവികളെ പോലെ റെയ്ന്‍ഡിയറുകളും നേരിടുന്നത്.

താപനിലയില്‍ മൂന്നിരട്ടി വർധനവ്

ആര്‍ട്ടിക്കിലെ താപനില ഉയരുന്ന തോത് മറ്റ് പ്രദേശങ്ങളേക്കാളും മൂന്നിരട്ടി കൂടുതലാണ്. അതിനാല്‍ തന്നെയാണ് മഞ്ഞു പെയ്തിരുന്ന സ്ഥാനത്ത് ആര്‍ട്ടിക് മേഖലയില്‍ ഇപ്പോള്‍ മഴ പെയ്യുന്നതും. മഞ്ഞും മണ്ണും കൂടിക്കലര്‍ന്നു സ്ഥിതി ചെയ്യുന്ന ആര്‍ട്ടിക്കിലെ ടുന്‍ഡ്ര മേഖലയിലും മറ്റും ഇത് വലിയ ആഘാതമാണു സൃഷ്ടിക്കുന്നത്. വലിയൊരു വിഭാഗം കരമേഖലയും ഇതിനകം മഞ്ഞുരുകി ശേഷിക്കുന്ന മണ്ണ് കടലിലേക്ക് ഇടിഞ്ഞു താഴുകയാണ്. ഇങ്ങനെ പുല്‍മേടുകള്‍ നഷ്ടപ്പെട്ടതും റെയ്ന്‍ഡിയറുകളുടെ ആഹാര ലഭ്യതയെ ബാധിച്ചിട്ടുണ്ട്.

റെയ്ന്‍ഡിയറുകളുടെ തൂക്കത്തില്‍ പോലും ഭക്ഷണലഭ്യതയ്ക്കനുസൃതമായ മാറ്റങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 1990 കളില്‍ ഒരു മുതിര്‍ന്ന റെയിന്‍ഡിയറിന്‍റെ ശരാശരി ഭാരം 55 കിലോ ആയിരുന്നു എങ്കില്‍ ഇപ്പോഴത് 48 കിലോ ആണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.