കടിച്ച പാമ്പിനെ തിരിച്ചു കടിച്ച എഴുപതുകാരന് ദാരുണാന്ത്യം. ഗുജറാത്തിലെ മഹിസാഗർ ഗ്രാമത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടയിലാണ് ഇയാളെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ച ദേഷ്യത്തിന് ഇയാൾ പാമ്പിനെയെടുത്ത് വായിലിട്ട് ചവച്ചരച്ചു. പർവത് ഗാലാ ബാരിയാ എന്ന കർഷകനാണ് കടിച്ച പാമ്പിനോടുള്ള ദേഷ്യത്തിന് അതിനെ തിരിച്ച് കടിച്ച് പ്രതികാരം ചെയ്തത്.

ഇയാളുടെ അടുത്ത ബന്ധു ഈ ദൃശ്യങ്ങളെല്ലാം നേരിൽ കണ്ടതായി മാധ്യമളോട് വ്യക്തമാക്കി. ഇദ്ദേഹമാണ് പാമ്പുകടിയേറ്റ പർവത് ഗാലായെ പെട്ടെന്നു തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ചത്ത പാമ്പിന്റെ ശേഷിച്ച ഭാഗവും ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ 3 ഹോസ്പിറ്റലുകളിലായി മാറിമാറി കൊണ്ടുപോയെങ്കിലും ശരിയായ ചികിത്സ ലഭിക്കാതെ പർവത് ഗാലാ ബാരിയ മരണമടഞ്ഞു. 2012 ലും സമാനമായ സംഭവം നേപ്പാളിൽ നടന്നിരുന്നു. അന്ന് പാടത്ത് പാടത്തു പണിയെടുത്തിരുന്ന കർഷകനെ പാമ്പു കടിച്ചു. പാമ്പിനെ ഓടിച്ചിട്ടു പിടിച്ച് കടിച്ചു കൊന്നിട്ടാണ് അന്നയാൾ പകരം വീട്ടിയത്.

മധ്യപ്രദേശിൽ നിന്നും കഴിഞ്ഞ ജൂലൈയിൽ സമാനമായ മറ്റൊരു സംഭവം പുറത്തു വന്നിരിന്നു. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് അമിതമായ മദ്യപിച്ച കര്‍ഷകന്‍ വിഷപ്പാമ്പിനെ കടിച്ചു കൊന്നത്. തന്റെ കൃഷിയിടത്തിലെത്തിയ പാമ്പിനെയാണ് ഇയാള്‍ വകവരുത്തിയത്. ഇയാള്‍ ജീവനോടെ രക്ഷപെട്ടത് അത്ഭുതകരമാണെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പാമ്പിനെ കടിച്ചത് കഴുത്തിനു മുകളിലായതിനാല്‍ ഇയാളുടെ ഉള്ളില്‍ വിഷം ചെന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.