മെഡിക്കൽകോളജ് ക്യാംപസിനുള്ളിൽനിന്ന് പിടികൂടിയ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കുപ്പിയിലാക്കി അടച്ചപ്പോൾ

മാവൂർ ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനിൽ പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ. മെഡിക്കൽകോളജ് ക്യാംപസിനുള്ളിലെ പമ്പിങ് സ്റ്റേഷനിൽ നിന്നാണ് ഇന്നലെ 6 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടിച്ചത്. വനശ്രീ അധികൃതരെത്തി 3 എണ്ണത്തെ പിടികൂടി കൊണ്ടുപോയി. 2 എണ്ണത്തെ പിന്നീട് പിടികൂടി കാട്ടിൽ വിട്ടു. ഒന്നിനെ കണ്ടെത്തിയത് ഇന്നലെ രാത്രി വൈകിയാണ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ജീവനക്കാർ പമ്പിങ് സ്റ്റേഷനുള്ളിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. ജീവനക്കാർ വിവരം നൽകിയതിനെത്തുടർന്നാണു ഇന്നലെ രാവിലെ വനശ്രീ അധികൃതരെത്തിയത്. മെഡിക്കൽകോളജ് ക്യാംപസിലെ ജല അതോറിറ്റി പമ്പിങ് സ്റ്റേഷനും ജല സംഭരണിയും കാടിനു നടുവിലാണ്. ഇവിടെ കാട് വെട്ടി വൃത്തിയാക്കാറില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു.

പല തവണ പെരുമ്പാമ്പുകളെ പരിസരപ്രദേശങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും പാമ്പിൻ കുഞ്ഞുങ്ങളെ പമ്പിങ് സ്റ്റേഷനുള്ളിൽ കാണുന്നത് ആദ്യം. കൂളിമാട് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ചു വിടുന്നവെള്ളം മെഡിക്കൽകോളജ് ആശുപത്രിയിലേക്കും വിവിധ ക്വാർട്ടേഴ്സുകളിലേക്കും വിതരണം ചെയ്യുന്നത് ഇവിടെനിന്നാണ്.