ഇനിമുതല്‍ മുതല പിടിക്കാന്‍ വന്നാല്‍ മരത്തില്‍ കയറി രക്ഷപ്പെടാമെന്നു ചിന്തിക്കേണ്ട. കാരണം വെള്ളത്തിലും കരയിലും മാത്രമല്ല മരത്തിലും കയറാന്‍ മുതലകള്‍ക്ക് കഴിയും‍. അതും വെറുതെ ചാഞ്ഞു നില്‍ക്കുന്ന കൊമ്പിലൊന്നുമല്ല കുത്തനെയുള്ള ശിഖരമില്ലാത്ത മരങ്ങളില്‍ വരെ കയറാന്‍ മുതലകള്‍ക്ക് സാധിക്കും.

എന്നാൽ എല്ലാ മുതലകൾക്കും ഈ കഴിവില്ല. വടക്കേ അമേരിക്ക, ആഫ്രിക്ക ഓസ്ട്രേലിയ എന്നിവിടങ്ങളിലായി 4 വിഭാഗത്തിൽ പെട്ട മുതലകൾക്കാണ് മരത്തില്‍ കയറാന്‍ കഴിവുള്ളത്. ഓസ്ട്രേലിയയിലെ ഫ്രഷ് വാട്ടര്‍ മുതലകള്‍, അമേരിക്കന്‍ മുതലകള്‍, മധ്യ അമേരിക്കന്‍ മുതലകള്‍, നൈല്‍ മുതലകള്‍ എന്നിവയാണ് മരത്തില്‍ കയറുന്ന മുതലകളായി കണ്ടെത്തിയിട്ടുള്ളത്.

മുതിര്‍ന്ന മുതലകളേക്കാള്‍ കുട്ടിമുതലകളാണ് മരത്തില്‍ കയറാന്‍ മിടുക്കര്‍. വലുതാകും തോറും ശരീരഭാരം കൂടുന്നതാണ് മരം കയറുന്നതിനുള്ള  മുതലകളുടെ കഴിവിനു വിലങ്ങു തടിയാകുന്നത്. വെയില്‍ കൊള്ളാനും അപകടങ്ങളില്‍ നിന്നു രക്ഷപെടാനുമാണ് മുതലകള്‍ സാധാരണയായി മരത്തില്‍ കയറുന്നത്. അതേസമയം പക്ഷിക്കുഞ്ഞുങ്ങളെയും മറ്റും പിടികൂടാനായി തടാകങ്ങള്‍ക്കും നദികള്‍ക്കും സമീപത്തായി ചാഞ്ഞുകിടക്കുന്ന മരങ്ങളിലും ചിലപ്പോള്‍ മുതലകള്‍ കയറാറുണ്ട്.