ആഫ്രിക്കന്‍ രാജ്യമായ ഗബോണിലെ ലംബാവോ ദേശീയ പാര്‍ക്കിലാണ് ഇതാദ്യമായി ആമകളെ കൊന്നുതിന്നുന്ന ചിമ്പാന്‍സികളെ കണ്ടെത്തിയത്. പ്രധാനമായും പഴങ്ങളും ഇലവര്‍ഗങ്ങളും ഭക്ഷിക്കുന്ന ചിമ്പാന്‍സികള്‍ പലപ്പോഴും പ്രാണികളെയും അപൂര്‍വമായി ചെറു ജീവികളെയും ഭക്ഷണമാക്കാറുണ്ട്. എന്നാൽ ഇതാദ്യമായാണ് തിന്നാന്‍ പ്രയാസമുള്ള ആമയെ പോലുള്ള ജീവിയെ ചിമ്പാന്‍സികള്‍ അവയുടെ ബുദ്ധി ഉപയോഗിച്ചു ഭക്ഷിക്കുന്ന രീതി ശ്രദ്ധയില്‍പെട്ടത്. ഒരുപക്ഷേ ആദിമ മനുഷ്യന്‍ ഉരുത്തിരിഞ്ഞ് വന്ന സാഹചര്യത്തെക്കുറിച്ചുള്ള പഠനത്തിന് ചിമ്പാന്‍സികളിലെ ഈ കണ്ടെത്തല്‍ സഹായകമായേക്കുമെന്നാണ് പ്രതീക്ഷ.

ആമകളെ വേട്ടയാടുന്ന ചിമ്പാന്‍സികള്‍

2016 നും 2019 നും ഇടയ്ക്ക് 36 തവണയാണ് ചിമ്പാന്‍സികള്‍ ആമകളെ പിടികൂടി നിലത്തെറിഞ്ഞു കൊന്ന് ഭക്ഷണമാക്കുന്നത് ഗവേഷകര്‍ നിരീക്ഷിച്ചത്. ആമകളുടെ പുറന്തോട് തകര്‍ക്കുന്നയെന്നത് എളുപ്പമല്ലാത്തതിനാല്‍ എല്ലായ്പ്പോഴും മരത്തിന്‍റെ മുകളില്‍ കയറി പാറയെ ലക്ഷ്യമാക്കി വലിച്ചെറിയുകയാണ് ചിമ്പാന്‍സികള്‍ ചെയ്യുക. ഇങ്ങനെ ആമയെ എറിയുന്നതിനായി മരത്തിന്റെ 50 മീറ്റര്‍ ഉയരത്തില്‍ വരെ ഇവ കയറാറുണ്ട്. കൂടാതെ ഇത്തരത്തില്‍ ആമയെ വേട്ടയാടുന്നതായി കണ്ടെത്തിയതെല്ലാം തന്നെ മുതിര്‍ന്ന ആണ്‍ ചിമ്പാന്‍സികളാണെന്നതും ശ്രദ്ധേയമാണ്.

സസ്യഭോജികളെന്ന് ആദ്യ കാലങ്ങളില്‍ കരുതിയിരുന്ന ചിമ്പാന്‍സികള്‍ മിശ്ര ഭോജികളാണെന്നു കണ്ടെത്തിയത് ഏതാനും പതിറ്റാണ്ടുകള്‍ മുന്‍പാണ്. പല തരത്തില്‍ പെട്ട ചെറുജവികളെയും ചിമ്പാന്‍സികള്‍ ഭക്ഷിക്കുന്നതായി കണ്ടെത്തിയെങ്കിലും ഒരു ഇഴജന്തുവിനെ ചിമ്പാന്‍സികള്‍ ആഹാരമാക്കുന്നത് കണ്ടെത്തുന്നതും ഈ പഠനത്തിലാണ്. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷണനറി ആന്ത്രപോളജിയിലെ ഗവേഷകയായ തോബിയാന്‍ ഡെഷ്നറിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.

സാധാരണ മാംസഭോജികളായ ജീവികള്‍ക്ക് പോലും അത്ര എളുപ്പത്തില്‍ ഭക്ഷിക്കാന്‍ കഴിയുന്ന ജീവിയല്ല ആമ. ആമയുടെ കട്ടിയുള്ള പുറന്തോടു തന്നെയാണ് ഇതിനു കാരണം. പക്ഷേ തേങ്ങ പോലെ കട്ടിയുള്ള പുറന്തോടുള്ള കായ്കളും, പഴങ്ങളും ഭക്ഷിച്ച് ശീലമുള്ളതിനാലാകാം ചിമ്പാന്‍സികള്‍ക്ക് ആമകളെ താരതമ്യേന അനായാസമായി ഇരയാക്കാന്‍ കഴിയുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. 

ആഹാരം പങ്കുവയ്ക്കുന്ന ചിമ്പാന്‍സികള്‍

മുതിര്‍ന്ന ചിമ്പാന്‍സികളാണ് ആമകളെ നിലത്തെറിഞ്ഞ് കൊല്ലുന്നതായി കണ്ടെത്തിയത്. എങ്കിലും കുട്ടി ചിമ്പാന്‍സികളും ഇതേ കാര്യത്തിനായി ശ്രമം നടത്തുന്നതും ഗവേഷകര്‍ നിരീക്ഷിച്ചു. പക്ഷേ ആവശ്യത്തിനുള്ള ബലം നല്‍കാത്തതിനാല്‍ കുട്ടി ചിമ്പാന്‍സികളുടെ ശ്രമങ്ങള്‍ എല്ലായ്പോഴും പരാജയപ്പെടുകയാണു ചെയ്യുക. 9-10 വയസ്സ് പ്രായമാകുമ്പോഴാണ് ചിമ്പാന്‍സികള്‍ ആമകളെ കൊല്ലുന്നതില്‍ വിജയിക്കാന്‍ തുടങ്ങുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ആമയെ കൊല്ലുന്നതില്‍ പരാജയപ്പെട്ട ചിമ്പാന്‍സികള്‍ക്കും ആമയിറച്ചി കിട്ടുന്നതിനു പ്രയാസമില്ല. കാരണം വേട്ടയാടുന്നതില്‍ വിജയിക്കുന്ന ചിമ്പാന്‍സി തനിക്ക് ലഭിച്ച ആഹാരം ഒറ്റയ്ക്ക് അകത്താക്കില്ല, മറിച്ച് കൂട്ടത്തിലുള്ളവരുമായി പങ്കുവച്ചാണ് കഴിക്കുന്നത്.

പലപ്പോഴും ആമകളെ കുട്ടികളും പെണ്‍ ചിമ്പാന്‍സികളും പിടികൂടാറുണ്ട്. പക്ഷേ മുകളില്‍ പറഞ്ഞതു പോലെ ആമകളുടെ പുറന്തോട് തകര്‍ക്കുന്ന കാര്യത്തില്‍ ഇവരുടെ ശ്രമങ്ങള്‍ വിജയിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവർ പിടികൂടിയ ആമയെ ഏതെങ്കിലും മുതിര്‍ന്ന ആണ്‍ ചിമ്പാന്‍സിക്ക് നല്‍കുകയാണ് ചെയ്യുക.തുടര്‍ന്ന് ആണ്‍ ചിമ്പാന്‍സി പുറന്തോട് പൊട്ടിച്ച് നൽകുന്ന ആമയെ എല്ലാവരും ചേര്‍ന്ന് ഭക്ഷിക്കുമെന്നും പഠനത്തില്‍ പങ്കെടുത്ത ഗവേഷകരില്‍ ഒരാളായ സിമോനെ പിക പറയുന്നു.

നാളേക്ക് ഒരു കരുതല്‍

ഇങ്ങനെ ലഭിക്കുന്ന ആമകളുടെ ഇറച്ചി വിശപ്പടക്കിയാല്‍ ബാക്കിയുള്ളത് സൂക്ഷിച്ചു വയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. ചിമ്പാന്‍സികളുടെ ഈ രീതി ഗവേഷകരെ അദ്ഭുതപ്പെടുത്തുകയും ചെയ്തു. ഒരു ആണ്‍ ചിമ്പാന്‍സിയാണ് പാതി ഭക്ഷിച്ച ആമയെ മരത്തിന് മുകളിലെ പൊത്തില്‍ സൂക്ഷിച്ചു വച്ചത്. തുടര്‍ന്ന് പിറ്റേന്നെത്തി ഇതേ ചിമ്പാന്‍സി ബാക്കി കൂടി ഭക്ഷിക്കുകയും ചെയ്തു. ചിമ്പാന്‍സികളുടെ നാളത്തേക്കുള്ള കരുതലിനെയാണ് ഈ പെരുമാറ്റം സൂചിപ്പിക്കുന്നതെന്ന് സിമോനെ പറയുന്നു.