ഒത്തുകിട്ടിയാല്‍ ശരീരത്തില്‍ മാംസത്തിന്‍റെ അംശമുള്ള ഒന്നിനെയും സ്രാവുകള്‍ വെറുതെ വിടാറില്ല. അത് ഞണ്ടും കടലാമയും മുതല്‍ വേണ്ടി വന്നാല്‍ നീന്തല്‍ക്കാരെ വരെ സ്രാവുകള്‍ ഒരു മടിയും കൂടാതെ ഭക്ഷണമാക്കും. എന്നാൽ അടുത്തിടെ സ്രാവിന്‍റെ ഛര്‍ദിലില്‍ കണ്ടെത്തിയ ജീവിയുടെ അവശിഷ്ടങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. കരയില്‍ കാണപ്പെടുന്ന ഒരിനം കുരുവികളുടെ അവശിഷ്ടമാണ് സ്രാവിന്‍റെ വായില്‍ നിന്നു പുറത്തുവന്നത്. കടല്‍പക്ഷികളുടെ അവശിഷ്ടങ്ങള്‍ സ്രാവുകളുടെ വയറ്റില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കരയില്‍ മാത്രം കാണപ്പെടുന്ന ഒരു പക്ഷിയെ സ്രാവ് ഭക്ഷിച്ചതായി തെളിവു ലഭിക്കുന്നത്.

ടൈഗര്‍ ഷാര്‍ക്ക് വിഭാഗത്തില്‍ പെട്ട കുട്ടി സ്രാവുകളില്‍ നിന്നാണ് കുരുവിയെ ഭക്ഷിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചത്. പക്ഷികളുടെ അവശിഷ്ടം ഡിഎന്‍എ പരിശോധന നടത്തിയാണ് കണ്ടെത്തിയത്. കയ്യില്‍ കിട്ടുന്ന എന്തിനെയും ഭക്ഷണമാക്കുന്ന ശീലമാണ് ടൈഗര്‍ ഷാര്‍ക്കുകള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ഡിഎന്‍എ പരിശോധനയ്ക്കു മുന്‍പ് സ്രാവിന്‍റെ വായില്‍ നിന്നും പുറത്തു വന്ന അവശിഷ്ടം ഏത് പക്ഷിയുടേതാണെന്നു തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് സാധിച്ചില്ല. എന്നാല്‍ ഡിഎന്‍എ പരിശോധനാ ഫലം വിസ്മയിപ്പിച്ചുവെന്ന് ചിക്കാഗോ ഫീല്‍ഡ് മ്യൂസിയത്തിലെ ജൈവശാസ്ത്രജ്ഞന്‍ കെവിന്‍ ഫീല്‍ഡ്ഹിം പറയുന്നു.

2010 ല്‍ തുടങ്ങിയ പഠനം

മിസിസിപ്പി, അലബാമാ തീരത്ത് 2010 ല്‍ നടത്തിയ ടൈഗര്‍ സ്രാവുകളുടെ കുഞ്ഞുങ്ങളുടെ കണക്കെടുപ്പിനിടയിലാണ് ചില കുട്ടി സ്രാവുകള്‍ തൂവലുകള്‍ ഛര്‍ദിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവ കരയിലുള്ള ഏതോ പക്ഷിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഗവേഷകര്‍ കരുതിയത്. പക്ഷെ 2018 വരെ എല്ലാ വര്‍ഷവും നടത്തിയ സ്രാവുകളുടെ കണക്കെടുപ്പിനിടെ പല തവണ ഇത്തരത്തില്‍ പക്ഷികളുടെ തൂവലുകള്‍ മാത്രം പുറത്തേക്കു കളയുന്ന സ്രാവുകളുടെ രീതി ശ്രദ്ധയില്‍ പെട്ടു. 

ഇതോടെയാണ് സംഭവത്തെക്കുറിച്ച് ഗൗരവമായ പഠനം നടത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്. തുടര്‍ന്ന് മിസിസിപ്പി മേഖലയിലുള്ള കുട്ടി സ്രാവുകളുടെ വയറ്റില്‍ ഏതൊക്കെ ജീവികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകുമെന്നു ഗവേഷകര്‍ നിരീക്ഷിക്കാൻ തുടങ്ങി. ഓരോ സ്രാവുകളെയും പിടികൂടി അവയുടെ വയറ്റില്‍ നിന്ന് ട്യൂബ് ഉപയോഗിച്ച് സാംപിളുകള്‍ ശേഖരിച്ചു. 105 സ്രാവുകളെയാണ് ഇത്തരത്തില്‍ പഠനത്തിനു വിധേമാക്കിയത്. പക്ഷേ ഈ പഠനം വിഫലമായില്ല. സ്രാവുകളുടെ ഭക്ഷണ ശീലം സംബന്ധിച്ച ധാരണയില്‍ തന്നെ സമൂലമായ മാറ്റമുണ്ടാക്കിയ കണ്ടെത്തലിലേക്കാണ് ഈ പഠനം നയിച്ചത്.

105 സ്രാവുകളില്‍ 45 എണ്ണത്തില്‍ കുരുവികളുടെയോ അവ ഉള്‍പ്പെട്ട സോങ് ബേ‍ഡ് ഇനത്തില്‍ പെട്ട മറ്റു കര പക്ഷികളുടെയോ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി.  11വിഭാഗത്തില്‍ പെട്ട പക്ഷികളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. സ്രാവുകളുടെ ഭക്ഷ്യശീലത്തില്‍ കരപക്ഷികളുടെ വൈവിധ്യം കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഈ കണ്ടെത്തല്‍ തെളിയിക്കുന്നത്. 

അതേസമയം ഈ കണ്ടെത്തലില്‍ അദ്ഭുതപ്പെടേണ്ടതില്ല എന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയ പക്ഷികളെല്ലാം തന്നെ നിശ്ചിത സീസണുകളില്‍ കുടിയേറ്റം നടത്തുന്നവയാണ്. കുടിയേറ്റം നടത്തുന്ന പക്ഷികളില്‍ ചിലതെങ്കിലും സ്വാഭാവികമായും തളര്‍ന്നു കടലില്‍ വീഴാനിടയുണ്ട്. ഇവയെയായിരിക്കാം ടൈഗര്‍ സ്രാവുകള്‍ ആഹാരമാക്കിയതെന്നാണ് ഈ ഗവേഷകര്‍ കരുതുന്നത്. അതേസമയം തന്നെ കരയിലെ പക്ഷികളെ സ്രാവുകള്‍ ഭക്ഷണമാക്കുമെന്നത് പുതിയ അറിവാണെന്ന കാര്യവും ഇവര്‍ അംഗീകരിക്കുന്നു.