കോവളം ലൈറ്റ് ഹൗസ് തീരത്ത് കടലാമയുടെ ജഡം  കരയ്ക്കടിഞ്ഞതു കണ്ടെത്തി.  വെള്ളിയാഴ്ച രാത്രി വൈകി ടൂറിസം പൊലീസുകാരാണ് വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒലീവ് റിഡ്‌ലി എന്ന  ഇനത്തിൽപ്പെട്ട കടലാമയുടെ ജഡം  കണ്ടെത്തിയത്. വിഴിഞ്ഞത്തെ ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെത്തിച്ച ആമയുടെ ജഡം  പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് അധികൃതരെത്തി  കൊണ്ടുപോയി പോസ്റ്റുമോർട്ടത്തിനു ശേഷം മറവു ചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്ന് റേ‍ഞ്ച് ഓഫിസർ വിനോദ് പറഞ്ഞു.  ആമയ്ക്ക് ഏകദേശം 80 വയസ് പ്രായമുണ്ടെന്നാണ് ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറിൽ നിന്നറിയാനായതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.

ജഡം ജീർണിച്ച നിലയിലായിരുന്നു.  തലയ്ക്കു പിന്നിലായും കഴുത്തിനു ചുറ്റുമായും  ഒലീവ് പച്ച നിറമുള്ളതിനാലാണ് ഒലീവ് റിഡ്‌ലി  എന്ന   പേര്. ലെപ്പിഡോഷെലസ് ഒലിവസിയ എന്നു ശാസ്ത്രീയ നാമമുള്ള ഈ ആമ അതീവ വംശനാശം നേരിടുന്നുവെന്ന നിലയ്ക്ക് ചുവന്ന പട്ടികയിലാണെന്നും അധികൃതർ പറഞ്ഞു.  മാർച്ച് 18ന് തൃക്കരിപ്പൂർ കടൽത്തീരത്ത് ഈ ഇനത്തിലെ ആമയെ ചത്തടിഞ്ഞ നിലയിൽ കണ്ടെത്തിയതായി വിവരമുണ്ട്.  പരുത്തിപ്പള്ളി ഫോറസ്റ്റ് സെക്ഷൻ ഓഫിസർ ഗംഗാധരൻ, ബീറ്റ് ഓഫിസർമാരായ സന്തോഷ്കുമാർ, നസീർ, വിഴിഞ്ഞം ഫിഷറീസ് അസി.ഡയറക്ടർ രാജീവ്, മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ: ഷിബുരാജ്, സിപിഒ: വിനോദ് എന്നിവർ നടപടികൾക്കു നേതൃത്വം നൽകി.