പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കൂട്ടം തെറ്റിയ കുട്ടിയാന ചരിഞ്ഞു. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് ഒന്നര വയസ്സുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞത്. തുടർന്നു പോസ്റ്റ്മോർട്ടം നടത്തി.20 ദിവസത്തോളമായി സുങ്കം റേഞ്ചിലെ തൂണക്കടവ് പ്രദേശത്ത് ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞ  ആനക്കുട്ടി ക്ഷീണിതനായതോടെ വനംവകുപ്പു മുൻകയ്യെടുത്തു ചിറ്റൂർ ഗവ. പോളി ക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ശെൽവമുരുകനെ കൊണ്ടു വന്നു ഗ്ലൂക്കോസ് കുത്തിവച്ചിരുന്നു.

കൂട്ടത്തിൽ നിന്നു വേർപെട്ട ആനക്കുട്ടി ചെട്ടിവാര സെക്‌ഷനിലെ വനം ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു.  ആനക്കുട്ടിയെ വീണ്ടും കൂട്ടത്തിലെത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. കാട്ടിൽ തുടരുന്നത് ഒഴിവാക്കി ആനക്കൊട്ടിലിലേക്കു മാറ്റുന്നതു പരിഗണിക്കുന്നതിനിടെയാണു  കുട്ടിക്കൊമ്പൻ വിട‌ പറഞ്ഞത്.  കുട്ടിയാനയുടെ ചികിൽസയ്ക്കായി പറമ്പിക്കുളത്തുണ്ടായിരുന്ന ഡോ. ശെൽവമുരുകന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.