പൂച്ചകളുടെയും നായ്ക്കളുടെയുമെല്ലാം നഖം വേണ്ട പോലെ പരിപാലിച്ചില്ലെങ്കില്‍ അത് ആ ജീവികൾക്കും അതിനെ വളര്‍ത്തുന്നർക്കും ഒരു പോലെ ബുദ്ധിമുട്ടാകും. നീണ്ടു വളര്‍ന്ന നഖം നടക്കുമ്പോള്‍ ജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.  ഒരു പക്ഷേ ഈ നഖം ഒടിഞ്ഞ് പഴുപ്പും മറ്റും ഉണ്ടാകാനും കാരണമായേക്കാം. കൂടാതെ നഖം കൊണ്ട് നേരിട്ട മുറിവുകള്‍ ഈ ജീവികളില്‍ നിന്നുള്ള രോഗങ്ങള്‍ മനുഷ്യരിലെത്താന്‍ കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും പൂച്ചകളുടെ നഖം നീക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്ക്. 

അമേരിക്കയില്‍ ഇത്തരം ഒരു തീരുമാനമെടുക്കുന്ന ആദ്യ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. അസംബ്ലിയും സെനറ്റും പാസ്സാക്കിയ ഈ ബില്ലില്‍ ഇനി ഗവര്‍ണര്‍ കൂടി ഒപ്പു വച്ചാല്‍ നിയമം നിലവില്‍ വരും. ആരോഗ്യപരമായ കാരണങ്ങളാലല്ലാതെ ഏതെങ്കിലും പൂച്ചയുടെ നഖം നീക്കം ചെയ്താല്‍ ആ വെറ്ററിനറി ഡോക്ടര്‍ക്ക് മേല്‍ 1000 ഡോളര്‍ പിഴ ചുമത്താനാണു നിയമം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ ബില്ല് നിലവിൽ വരുന്നതോടെ സൗന്ദര്യവൽക്കരണത്തിന്‍റെ പേരില്‍ ഇനി പൂച്ചകളുടെ നഖം നീക്കം ചെയ്യുന്നതിന് പൂര്‍ണമായ നിരോധനം നിലവില്‍ വരും.

സാധാരണ സൗന്ദര്യവൽക്കരണമായ മാനിക്യൂറോ, പെഡിക്യൂറോ പോലെയല്ല നഖം നീക്കം ചെയ്യുന്ന പ്രക്രിയയെന്ന് ഈ നിരോധനത്തിനായി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച സെനറ്റര്‍ കൂടിയായ ലിന്‍ഡ റോസന്താല്‍ പറയുന്നു. ഒരു ക്രൂരമായ ശസ്ത്രക്രിയ തന്നെയാണ് പൂച്ചകളുടെ നഖം നീക്കം ചെയ്യുന്ന പ്രക്രിയ. മനുഷ്യരുടെ സൗന്ദര്യ ബോധത്തെ തൃപ്തിപ്പെടുത്തുന്നതിനായി മൃഗങ്ങളെ പീഢിപ്പിക്കുന്ന ക്രൂരതയോട് യോജിക്കാനാകില്ലെന്നും ലിന്‍ഡ വിശദീകരിക്കുന്നു. 

ഒനികെക്ടമി

നഖങ്ങള്‍ നീക്കം ചെയ്യുന്നതിനായി പൂച്ചകളില്‍ നടത്തുന്ന ശസ്ത്രക്രിയയുടെ പേരാണ് ഒനികെക്ടമി. ഈ ശസ്ത്രക്രിയ പൂച്ചകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം. കൂടാതെ പൂച്ചകളുടെ ഉടമകളുടെ സോഫകളും കര്‍ട്ടനുകളും സംരക്ഷിക്കുന്നതിനായാണ് പൂച്ചകളെ ഈ ശസ്ത്രക്രിയയ്ക്ക് വിധേരാക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

പൂച്ചകളുടെ നഖം നീക്കം ചെയ്യുകയെന്നത് വിചാരിക്കുന്നതു പോലെ അത്ര ലഘുവായ ശസ്ത്രക്രിയയല്ലെന്ന് ഹ്യൂമന്‍ സൊസൈറ്റി ഓഫ് യുണൈറ്റ‍ഡ് സ്റ്റേസ്റ്റ്സിന്‍റെ ന്യൂയോര്‍ക്ക് ഡയറക്ടര്‍ ബ്രയാന്‍ ഷാര്‍പിറോ പറയുന്നു. പൂച്ചയുടെ കാല്‍പാദങ്ങളുടെ അറ്റത്തുള്ള അസ്ഥിയുടെ ഒരു ഭാഗം കൂടി മുറിച്ചു മാറ്റുന്നതാണ് ഈ ശസ്ത്രക്രിയ. മനുഷ്യന്‍റെ കൈവിരലുകളുടെ അറ്റത്തെ അവസാന മടക്ക് മുറിച്ചു മാറ്റുന്നത് പോലെയാണ് പൂച്ചകള്‍ക്ക് ഈ പ്രവര്‍ത്തി അനുഭവപ്പെടുകയെന്നും ഇവര്‍ വിശദീകരിക്കുന്നു. 

ന്യൂയോര്‍ക്കില്‍ മാത്രമല്ല അമേരിക്കയിലാകെ ഒനികെക്ടമി വ്യാപകമാണ്. യുഎസിലെ ഏതാണ്ട് 25 ശതമാനം പൂച്ചകളും ഇത്തരത്തില്‍ നഖം നീക്കം ചെയ്യപ്പെട്ടവയാണെന്നാണു കരുതുന്നത്. രാജ്യത്തെ വെറ്ററിനറി ഡോക്ടർമാർടയില്‍ ഒനികെക്ടമി നടത്തുന്നതിനെ ചൊല്ലി വിരുദ്ധാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും നഗരങ്ങളിലെ പൂച്ചകളെയാണ് ഈ നഖം നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്നത്. 

ഗ്രാമപ്രദേശങ്ങളിലെ പൂച്ചകളെ അപേക്ഷിച്ച് നഗരങ്ങളിലെ പൂച്ചകള്‍ക്ക് പുറത്തേക്ക് പോകാനോ മണ്ണിലും മറ്റും നടന്ന് നഖം സ്വയം തേഞ്ഞു പോകാനോ സാഹചര്യമില്ല. നഖം നീണ്ടു നില്‍ക്കുന്നത് ശരീരത്തില്‍ കൊണ്ടാല്‍ മനുഷ്യരില്‍ ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കാം. ഇതൊഴിവാക്കാന്‍ പെഡിക്യൂറും മാനിക്യൂറും പോലുള്ളവ ചെയ്താല്‍ മതി. പക്ഷേ ഇത് ഇടയ്ക്കിടെ ചെയ്യുന്നതിലുള്ള ബന്ധപ്പാടൊഴിവാക്കാനാണ് ശസ്ത്രക്രിയയെന്ന പോംവഴി തേടുന്നത്. 1952 മുതല്‍ ഇവിടെ ഈ ശസ്ത്രക്രിയ നടത്തി വരുന്നുണ്ട്.