കുന്നുകര പഞ്ചായത്തിലെ പെരിയാറിനോടു ചേർന്ന കോവാട്ട് കോട്ടുങ്ങൽക്കടവ് പരിസരത്ത് താമസിക്കുന്നവർ മലമ്പാമ്പ് ഭീഷണിയിൽ. പ്രളയത്തിന് ശേഷം പരിസരമാകെ മലമ്പാമ്പ് ശല്യം രൂക്ഷമായിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് മൂന്നര മീറ്റർ നീളവും, 60 കിലോ തൂക്കവുമുള്ള ഭീമൻ പാമ്പായിരുന്നു. കോവാട്ട് അറക്കപള്ളം വീട്ടിൽ ഉണ്ണിയുടെ വലയിൽ ആണ് പാമ്പ് കുടുങ്ങിയത്. 

പുലർച്ചെ വല ഉയർത്താനെത്തിയപ്പോൾ മുഴുവൻ മത്സ്യങ്ങളെയും വിഴുങ്ങിയ ശേഷം തല മാത്രം വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. രക്ഷപ്പെടാനാകാതെ പുളയുന്നതിനിടെയാണ് പുഴയിൽ ഇറങ്ങിയ ഉണ്ണി വല ഉയർത്തിയത്. ഈ സമയം ഉണ്ണിയെ വരിഞ്ഞ് മുറുക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി രക്ഷപ്പെടുകയായിരുന്നു. മലമ്പാമ്പ് വല പൂർണമായും നശിപ്പിച്ചിരുന്നു. ആഗസ്റ്റിലുണ്ടായ  പ്രളയത്തിന് ശേഷം കോട്ടുങ്ങൽക്കടവ് ഭാഗത്ത് ഏകദേശം 10 പേർക്കെങ്കിലും മലമ്പാമ്പ് ശല്യം അനുഭവപ്പെട്ടിരുന്നു.

പ്രദേശവാസികൾ അലക്കാനും, കുളിക്കാനും ഉപയോഗിക്കുന്ന പുഴയാണിത്. അടുത്തിടെ കുളിക്കുന്നതിനിടെ വീട്ടമ്മയെ മലമ്പാമ്പ് വരിഞ്ഞ് മുറുക്കാൻ ശ്രമം നടത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മലമ്പാമ്പ് ശല്യം മൂലം നാട്ടുകാർ പുഴയിൽ കുളിക്കാൻ ഭയപ്പെടുകയാണ്. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ച് കൂടി.വനം വകുപ്പ് അധികൃതരെത്തി മലമ്പാമ്പിനെ ചാക്കിലാക്കി വനത്തിൽ തുറന്ന് വിടാൻ കൊണ്ടു പോയി.