വാളയാർ ഉൾവനത്തിൽ ചെരിഞ്ഞത് ട്രെയിനിടിച്ചു പരുക്കേറ്റ പിടിയാനയെന്നു നിഗമനം. സംഭവത്തിൽ റെയിൽവേയോട് റിപ്പോർട്ട് തേടുമെന്ന് വനംവകുപ്പ് അറിയിച്ചു. ‌ആനയുടെ താടിയെല്ലിനു ഗുരുതരമായി പരുക്കേറ്റെന്നും ഇതിനാൽ ഭക്ഷണം കഴിക്കാൻ സാധിക്കാതെ അവശനിലയിൽ ആയതാകാമെന്നുമാണ് നിഗമനം. ആന ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ നേരിയ രീതിയിൽ ഇടിച്ചതാകാമെന്നാണു സംശയിക്കുന്നത്. പരുക്ക് താടിയെല്ലിനു മാത്രമായതിനാൽ ആനയുടെ സഞ്ചാരം നിലച്ചില്ല. 

എന്നാൽ ആഹാരം കഴിക്കാനാവാതെ വന്നതോടെ കൂടുതൽ അവശയായി. രണ്ടാഴ്ചയിലേറെ ആനയെ നടുപ്പതിയിലും വാധ്യാർചള്ളയിലും അവശനിലയിൽ‍ കാണപ്പെട്ടിരുന്നു. ഉൾവനത്തിൽ തന്നെ നിലയുറപ്പിച്ചതിനാൽ ആനയെ നിരീക്ഷിക്കുക മാത്രമാണ് ചെയ്തിരുന്നത്. ചരിഞ്ഞ പിടിയാനയ്ക്ക് 25 വയസുണ്ട്. ഇതിനൊപ്പം മറ്റു മൂന്ന് ആനകളും ഉണ്ടായിരുന്നു. ഇവ മാത്രമാണ് പലപ്പോഴും ജനവാസമേഖലയിലേക്ക് ഇറങ്ങിയിരുന്നത്. സാധാരണ ട്രെയിൻ തട്ടിയുണ്ടാവാറുള്ള ചതഞ്ഞ മുറിവാണ് ഇതിനുണ്ടായിരുന്നത്. 

ഇതു കൂടാതെ കാലിനും കൈയ്ക്കും വീണു പരുക്കേറ്റ മുറിവുകളും ഉണ്ടായിരുന്നു. സാധാരണ വനത്തിൽ ആനകൾ തമ്മിലുണ്ടാവാറുള്ള സംഘർഷത്തിനിടയിലും മുറിവുകൾ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയേറെ ആഴത്തിൽ അവ ബാധിക്കാറില്ല. ട്രെയിനിടിച്ച് പരുക്കേറ്റതിനാവാം ആന പിന്നീട് വനത്തിൽ നിന്നു പുറത്തിറങ്ങാനും തയാറാവാതിരുന്നെന്നും വനംവകുപ്പ് പറയുന്നു. ഇത്തരം നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് റെയിൽവേയോട് റിപ്പോർട്ട് തേടാൻ തീരുമാനിച്ചത്.

നടുപ്പതി ഊരിൽ നിന്നു കിലോമീറ്ററുകൾ താണ്ടി ഉൾവനത്തിലാണ് ആനയുടെ ജഡം കിടന്നത്. വെറ്ററിനറി സർജൻ ഡോ.മിഥിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ആനയുടെ മൃതദേഹം സംഭവ സ്ഥലത്തു സംസ്കരിച്ചു. ഡിഎഫ്ഒ നരേന്ദ്രനാഥ് വേലൂരി, ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ എം.ആസിഫ്, വാളയാർ റേഞ്ച് ഓഫിസർ കെ.പി. ജിൽജിത്ത് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. ട്രെയിനിന്റെ അമിത വേഗം ഉൾപ്പെടെ ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. കഞ്ചിക്കോട്–കോയമ്പത്തൂർ ട്രാക്കിൽ ഇന്നലത്തെ ചെരിഞ്ഞ പിടിയാന ഉൾപ്പെടെ കഴിഞ്ഞ 18 വർഷത്തിനിടെ 25 കാട്ടാനകളാണു ട്രെയിനിടിച്ചു ചെരിഞ്ഞത്.