നോർത്ത് കാരലൈന നിവാസികൾ ഒട്ടേറെ പ്രത്യേകതയുള്ള ഒരിനം പാമ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.  എങ്ങാനും അബന്ധവശാൽ ഈ പാമ്പിന്റെ മുന്നിൽ പെട്ടാൽ അതിന്റെ ചെയ്തികൾ കണ്ട് പേടിക്കാതിരിക്കാനാണ് മുന്നറിയിപ്പ്. പറഞ്ഞു വരുന്നത് പാമ്പുകളുടെ കൂട്ടത്തിലെ മികച്ച അഭിനേതാവായ സോംബി പാമ്പുകളെക്കുറിച്ചാണ്. നോർത്ത് കാരലൈനയിലെ സ്റ്റേറ്റ് പാർക്ക് ആൻഡ് റിക്രിയേഷൻ അധികൃതർ ഫേസ് ബുക്കിൽ പങ്കുവച്ച സോംബി പാമ്പിന്റെ ചിത്രങ്ങളാണ് ഇവയെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയത്.

പേരു കേട്ടാൽ ഭീകരനാണെന്നു തോന്നുമെങ്കിലും ആളത്ര ഭീകരനൊന്നുമല്ല. എന്നാൽ ഈ പാമ്പിന്റെ കയ്യിലിരിപ്പാണ് ഇതിനെ ഭീകരനാക്കുന്നത്. ഒറ്റ നോട്ടത്തിൽ മൂർഖൻ പാമ്പിനോടു സാമ്യം തോന്നുമെങ്കിലും ആ ഗണത്തിലൊന്നും പെടുന്നതല്ല സോംബി പാമ്പ്. ഈസ്റ്റേൺ ഹൂഗ്‌നോസ് സ്നേക്ക് എന്നാണ് ഇവയുടെ യഥാർഥ പേര്.

തവിട്ട് നിറത്തിലോ കടുത്ത ചാര നിറത്തിലോ കാണപ്പെടുന്ന ഇവയുടെ പുറത്ത് ഇരുണ്ട നിറത്തിലുള്ള പുള്ളികളുമുണ്ട്. തല അൽപം പരന്നതാണ്. വിഷമില്ലാത്തയിനം പാമ്പാണ് സോംബി പാമ്പുകൾ. ശത്രുക്കളുടെ മുന്നിൽ അകപ്പെട്ടാൽ അപ്പോൾ തന്നെ സോംബി തന്റെ അഭിനയ പാടവം പുറത്തെടുക്കും. മൂര്‍ഖൻ പാമ്പ് ചീറ്റുന്നത് പോലെ ചീറ്റി ഉഗ്രശബ്ദമുണ്ടാക്കിയാണ് തുടക്കം. പിന്നാലെ മെല്ല കിടന്നുരുളാൻ തുടങ്ങും. ഉരുളുന്നതിനിടയിൽ ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ രക്തം വരും. പിന്നീട് വായ തുറന്ന് ചലനങ്ങളൊന്നുമില്ലാതെ ചത്തതുപോലെ മലന്നു കിടക്കും. ആരു കണ്ടാലും പാമ്പ് ചത്തുപോയെന്നേ കരുതൂ. 

ശത്രു പോകുന്നതുവരെ മിനിട്ടുകളോളം ഈ നിലയിൽ തുടരും. ശത്രു പോയെന്ന് ഉറപ്പ് വരുത്തിയാൽ പതിയെ തലപൊക്കി നോക്കി അഭിനയം മതിയാക്കി പൊടിയും തട്ടി സ്ഥലം കാലിയാക്കുകയാണ് പതിവ്. യുഎസിലെ കിഴക്കൻ മേഖലയിലാണ് ഈ പാമ്പുകൾ സാധാരണയായി കാണപ്പെടുന്നത്. ഫ്ലോറിഡ, ടെക്സാസ്, മിനസോട്ട എന്നീ പ്രദേശങ്ങളിൽ ഇവ  ധാരാളമുണ്ട്. ഏകദേശം നാലടി വരെ നീളം വയ്ക്കാറുണ്ട് സോംബി പാമ്പുകൾക്ക്. ഇരയെ പിടിക്കാൻ കരിയിലകൾക്കടിയിലും പൂഴിമണ്ണിലുമൊക്കെ ഒളിച്ചിരിക്കുകയാണ് പതിവ്. പല്ലികളും  തവളകളും ചെറിയ എലികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം.