രാവിലെ നസീമ ബീഗം പഴക്കട തുറക്കുമ്പോൾ വിശേഷങ്ങളുമായി ആദ്യമെത്തുന്നത് ടുട്ടുവെന്ന് നസീമ വിളിക്കുന്ന മലയണ്ണാനാണ്. കൂനൂർ സിംസ് ഉദ്യാനത്തിന്റെ കവാടത്തിന് മുമ്പിലാണ് നസീമയുടെ പഴക്കട. ഉദ്യാനത്തിന്റെ സമീപത്തുള്ള ഉയർന്ന മരത്തിലാണ് ടുട്ടുവിന്റെ വാസം. ടുട്ടുവിനെ കൂടാതെ പേരില്ലാത്ത 3 അണ്ണാറക്കണ്ണൻമാർ കൂടി ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവും ഇവർ പഴക്കടയിലെത്തും നസീമയുടെ അനുവാദമില്ലാതെ പഴങ്ങൾ തൊടില്ല.

നസീമ മുറിച്ചു നൽകുന്ന പഴങ്ങൾ മാത്രമെ കഴിക്കുയുള്ളു. ബട്ടർ ഫ്രൂട്ട്, സീതപ്പഴം എന്നിവയോടാണ് താൽപര്യം. കടയിലെത്തിയാൽ ചെമ്പൻ നിറമുള്ള വാലുയർത്തി നസീമയോടു കുറച്ചു നേരം കലഹിക്കും. നസീമയും അണ്ണാൻമാരുമായുള്ള സ്നേഹ പ്രകടനം കാണാൻ ഉദ്യാനത്തിലേക്ക് വരുന്ന സഞ്ചാരികളും കാത്തിരിക്കും. ഇവർ കടയിലെത്തിയാൽ പിന്നെ ക്യാമറ ഫ്ലാഷ് മിന്നും. നസീമയ്ക്ക് മാത്രമെ ടുട്ടുവിൻറെ ദേഹത്ത് സ്പർശിക്കാൻ അനുവാദമുള്ളൂ. മറ്റാരെയും  അടുപ്പിക്കാറില്ല.

നസീമക്ക് അണ്ണാൻമാർ മക്കളെ പോലെയാണ്. മലയണ്ണാൻ വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ്. നീലഗിരി ജില്ലയിൽ ഗൂഡല്ലൂർ,പന്തല്ലൂർ കൂനൂർ, കോത്തഗിരി പ്രദേശങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്. ഇപ്പോൾ ഇവയുടെ എണ്ണം വർധിച്ചിട്ടുണ്ട് ഉയർന്ന മരങ്ങളിലാണ് ഇവ കൂട് കൂട്ടുന്നത്. മനുഷ്യരുമായി അപൂർവ്വമായി മാത്രമേ കൂട്ടുകൂടാറുള്ളു.