കാഞ്ഞങ്ങാട് കടപ്പുറത്ത് വലയിൽ കുരുങ്ങിയ കടലാമകളെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയപ്പോൾ.l

വലയിൽ കുരുങ്ങിയ കടലാമകളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് കടപ്പുറം ഗുരുജി ക്ലബ്ബിനു സമീപത്താണ് സംഭവം.  കടലിൽ വല ഒഴുകി നടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ നല്ല വലയാണെന്ന് കരുതി നീന്തിയെടുത്തപ്പോഴാണ് വലയിൽ കുടുങ്ങിയ കടലാമകളെ കണ്ടത്. ഉടൻ തന്നെ കരക്കെത്തിച്ച് വല മുറിച്ചു മാറ്റി ആമകളെ രക്ഷപ്പെടുത്തുകയായിരുന്നു. 

ആമകൾക്ക് 50 കിലോ തൂക്കമുണ്ട്. ഒലിവ് റെഡ്‍ലി ഇനത്തിൽ പെട്ട കടലാമകളാണ് വലയിൽ കുടുങ്ങിയത്. നെയ്തൽ പ്രവർത്തകരെത്തി തൈക്കടപ്പുറത്തെ കടലാമ സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. കാഞ്ഞങ്ങാട് കടപ്പുറത്തെ പ്രവീൺ രമേശ്, സത്യൻ, പ്രകാശൻ, പ്രജിത്ത്, പ്രകാശ് എന്നിവർ ചേർന്നാണ് കടലാമകളെ രക്ഷപ്പെടുത്തിയത്. 

പൊട്ടിയ വലയിൽ കുടുങ്ങി കഴിഞ്ഞ ദിവസം തൈക്കടപ്പുറത്തെ കല്ലിനടിയിൽ ‍നിന്നു രണ്ടു ആമകളെ കണ്ടെത്തിയിരുന്നു. മത്സ്യ തൊഴിലാളികളാണ് ഈ കടലാമകളെയും രക്ഷപ്പെടുത്തിയത്. കടലിൽ ഉപേക്ഷിക്കുന്ന വലകളും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളുമാണ് കടലാമകൾക്ക് ഭീഷണിയാവുന്നത്. 

കഴിഞ്ഞ മാസം 16ന് അജാനൂർ കടപ്പുറത്ത് രണ്ടു കടലാമകളാണ് പരുക്കേറ്റ നിലയിൽ കരയിലെത്തിയത്. ഈ വർഷം  ഇതുവരെയായി 7കടലാമകളാണ് പരുക്കേറ്റു കരയിലെത്തിയത്. ഇതിൽ രണ്ടെണ്ണത്തിനു പ്രഥമ ശുശ്രൂഷ നൽകി കടലിലേക്ക് വിട്ടിരുന്നു. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ മൂന്നെണ്ണത്തിൽ രണ്ടെണ്ണം ചത്തു.