കാട്ടാനകളെ പ്രതിരോധിക്കാൻ കർണാടകയിൽ വനം വകുപ്പ് സൗരോർജ തൂക്കുവേലിയും റെയി‍ൽപാള വേലിയും സ്ഥാപിക്കുന്നു.  വയനാടിനോട് ചേർന്നുള്ള നാഗർഹോള ദേശീയോദ്യാനത്തിലെ വനാതിർത്തി ഗ്രാമങ്ങളുടെ സുരക്ഷയ്ക്കാണ് പദ്ധതി നടപ്പാക്കി വരുന്നത്. കിടങ്ങും വൈദ്യുതി വേലിയും പരാജയമായതിനാലാണ് പുതിയ പരീക്ഷണം. റെയിൽപാളവേലി നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇതിനു ചെലവ് കൂടുതലാണ്. എന്നാൽ, സൗരോർജ തൂക്കുവേലി അത്ര ചെലവ് വരുന്നില്ല.

10 മീറ്റർ അകലത്തിൽ നല്ല ഉയരത്തിൽ ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ച് അതിൽ ലോലമായ കമ്പികൾ കുത്തനെ തൂക്കിയിടുകയാണ് ചെയ്യുന്നത്. ഇത് സ്ഥാപിക്കുന്നതിന് മുകളിൽ കട്ടിയുള്ള കമ്പി വലിക്കും. തൂങ്ങിക്കിടക്കുന്ന ചെറുകമ്പികളിൽ തട്ടുന്ന ആനകൾ ഷോക്കേറ്റ് പിന്തിരിയും. നിലത്തു കമ്പി സ്ഥാപിച്ച് വൈദ്യുതി കടത്തിവിടുന്ന വേലി തകർക്കുന്നത് പോലെ ആനക്കൂട്ടത്തിന് ഇത് തകർക്കാൻ കഴിയില്ലെന്നാണ് കണ്ടെത്തൽ. സൗരോർ‍ജ തുക്കുവേലി ഫലം കണ്ടുതൂടങ്ങിയതോടെ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. റെയിൽപാള വേലി സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം ആനക്കൂട്ടത്തെ പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട്.

ആനയെ നേരിടാൻ കേരളത്തിൽ ഇപ്പോഴും കിടങ്ങു കീറൽ

ആനക്കൂട്ടത്തെ പ്രതിരോധിക്കാൻ‍ കേരളത്തിൽ വനം വകുപ്പിന് പുതിയ പരീക്ഷണങ്ങളൊന്നുമില്ല. കിടങ്ങു കീറലും വൈദ്യുതി വേലി സ്ഥാപിക്കലും പരാജയമാണെന്ന് ബോധ്യപ്പെട്ടിട്ടും ഇപ്പോഴും ഇതുതന്നെയാണ് ചെയ്യുന്നത്. വഴിക്കടവ് വനം റേഞ്ചിനു കീഴിലെ വനാതിർത്തികളിൽ മിക്കയിടത്തും കിടങ്ങോ അതല്ലെങ്കിൽ വൈദ്യുതിവേലിയോ ഉണ്ട്. എന്നാൽ, ഇവിടങ്ങളിലെല്ലാം ആനക്കൂട്ടം നാട്ടിലിറങ്ങുന്നുണ്ട്. കോടികൾ തന്നെ ഇതിനുവേണ്ടി ചെലവഴിച്ചിട്ടുണ്ട്.