സിംബാബ്‌വേയിലെ ഹോങ്കേ നാഷണൽ പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു സാമുലൽ ഷെവലിയറും സംഘവും . അപ്പോഴാണ് ഒരു പെൺസിംഹവും കുട്ടികളും പുലർച്ചെയുള്ള ഇളം വെയിൽ കായുന്നത് ശ്രദ്ധയിൽ പെട്ടത്. കുറച്ചു സമയം സാമുവലും സംഘവും സിംഹക്കുട്ടികളുടെ കളികൾ കണ്ടുനിന്നു. പെട്ടെന്നാണ് സിംഹിണി ജാഗരൂകയാകുന്നത് ശ്രദ്ധിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വേഗം ചെടിക്കൾക്കടിയിൽ ഒളിപ്പിച്ചു. പെട്ടെന്നു തന്നെ ഇവരുടെ കൺമുന്നിൽ നിന്ന് കാട്ടിലേക്ക് സിംഹിണി ഓടിമറഞ്ഞു.

പിന്നാലെ അല്പം അകലെയായി ആനയുടെ അലർച്ചയും കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് വാഹനത്തിലെത്തിയ ഇവർ കണ്ടത് ഒരു കുട്ടിയാനയെ ആക്രമിക്കുന്ന സിംഹിണിയെയാണ്. ഇവരെത്തുമ്പോൾ ആനക്കുട്ടിയുടെ മസ്തകത്തിൽ കടിച്ചുതൂങ്ങിക്കിടക്കുകയായിരുന്നു സിംഹിണി. സാധാരണയായി സിംഹങ്ങൾ  ആനകളെ പോലുള്ള വലിയ മൃഗങ്ങളെ ഇരയാക്കാറില്ല. കാരണം കൂട്ടമായി നടക്കുന്ന ആനകളെ പോലുള്ള മൃഗങ്ങളെ  ആക്രമിച്ചാൽ അവയുടെ പ്രത്യാക്രമണം രൂക്ഷമായിരിക്കും എന്നതുതന്നെ. എന്നാൽ ഒറ്റപ്പെട്ടു നടക്കുന്ന ആനക്കുട്ടികളെയും മറ്റും ഒത്തു കിട്ടിയാൽ സിംഹക്കൂട്ടം ആക്രമിക്കാറുണ്ട്.

ആനക്കുട്ടിയെ കടിച്ചുകീറി കീഴ്പെടുത്താൻ സിംഹിണി ആകുന്നത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആനയുടെ കട്ടിയേറിയ തൊലിയിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിച്ചില്ലെങ്കിലും  മസ്തകത്തിൽ കടിച്ചുതൂങ്ങി കീഴ്പ്പെടുത്താൻ പരമാവധി ശ്രമിച്ചു. തന്നെ ആക്രമിക്കുന്ന സിംഹത്തെ കുടഞ്ഞെറിയാൻ ആനക്കുട്ടിയും പരിശ്രമിച്ചു. ഒടുവിൽ സിംഹിണിയെ കുടഞ്ഞെറിയുന്നതിൽ ആനക്കുട്ടി വിജയിച്ചു. താഴേക്ക് കുടഞ്ഞെറിയ സിംഹിണിയെ ആനക്കുട്ടി തുരത്തിയതോടെ സംഭവങ്ങൾക്കു തിരശ്ശീല വീണു.

ആനക്കുട്ടിയെ പേടിച്ച് സിംഹം സ്ഥലം കാലിയാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സിംഹിണി ആനക്കുട്ടിയെ ആക്രമിക്കുന്നതെല്ലാം കാടിനുള്ളിൽ ഒളിച്ചിരുന്ന സിംഹക്കുട്ടികൾ കാണുന്നുണ്ടായിരുന്നു. അൽപ സമയത്തിനു ശേഷം സിംഹിണി തിരിച്ചെത്തി കുട്ടികളുമായി മടങ്ങി.സാധാരണയായി ആനക്കൂട്ടത്തോടൊപ്പം മാത്രമേ ആനക്കുട്ടികളെ കാണാറുള്ളൂ. പരിക്കേറ്റോ മറ്റോ ആനക്കൂട്ടത്തിൽ നിന്ന് മാറി നടന്നതാണ് ആനക്കുട്ടിക്ക് വിനയായത്.