ചിന്നക്കനാലിലെ സിമന്റ് പാലം, സാന്റോസ് പാലം, ദിഡീർ, 301 കോളനി, സിങ്കുകണ്ടം, പുതുപ്പാറ മേഖലകളിൽ ഒരാഴ്ചയായി കാട്ടാന ശല്യം രൂക്ഷം. മഴ കുറഞ്ഞതോടെ വനമേഖലയിൽ തീറ്റയും വെള്ളവും ഇല്ലാതായി. ഇതാണ് കാട്ടാനകൾ ജനവാസ മേഖലകളിൽ ഇറങ്ങാൻ കാരണം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

പകൽ സമയത്ത് വനം അതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിൽ ആണ് കാട്ടാന എത്തുന്നത്. അതു കൊണ്ട് തോട്ടം തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.. നേരം ഇരുട്ടുമ്പോൾ റോഡിൽ പോലും കാട്ടാനയെ കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട് എങ്കിലും നിരന്തരമുള്ള കാട്ടാന ശല്യത്തെ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ്.

മാങ്കുളം മാതൃകയിൽ ക്രാഷ് ഗാർഡ് ഫെൻസിങ് (ഉരുക്ക് വടം വേലി) സ്ഥാപിച്ച് ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങുന്നത് തടയണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സിമന്റ് പാലത്തിനു സമീപം കൈക്കുഴയോടു ചേർന്ന് ആഴത്തിൽ പരുക്കേറ്റ ഒറ്റയാനെ ചിലർ കണ്ടു. മുറിവിൽ നിന്ന് രക്തം ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും  ദൃക്സാക്ഷികൾ പറയുന്നു. ആനകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റതാവാനാണ് സാധ്യത. പരുക്കേറ്റ ആന ജനവാസ മേഖലകളിൽ ഇറങ്ങുന്നത് കൂടുതൽ ഭീഷണി ആണ്.