പഴുതാരയെ മിക്കവർക്കും പേടിയാണ്. പഴുതാര കുത്തിയാൽ വിഷമാണെന്നൊക്കെ കേട്ടിട്ടുള്ളതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ പഴുതാരയെ കണ്ടാൽ അടിച്ചുകൊല്ലുകയാണ് പതിവ്. എന്നാൽ നമ്മുടെ നാട്ടിലെ പോലെയല്ല പുറം രാജ്യങ്ങളിലെ ആളുകൾ. അവിടെ ഈ പഴുതാരകളെയും  അട്ടകളുമൊക്കെ വളർത്തുന്നവരുണ്ട്.

സൗത്ത് കൊറിയയിലെ ലീ ജേ സഗ് എന്ന 18 കാരനാണ് വിഷമുള്ള വലിയ ഇനം പഴുതാരയായ സ്കോളോപെൻഡ്ര ഉൾപ്പെടെ വിവിധ വിഭാഗത്തിലുള്ള പഴുതാരകളെ വളർത്തുന്നത്. രണ്ട് വർഷമായി ലീ ഈ പഴുതാരകളെ വളർത്താൻ തുടങ്ങിയിട്ട്. പഴുതാരകളെ കൂടാതെ മറ്റു പലയിനം പ്രാണികളെയും ലീ വളർത്തുന്നുണ്ട്.

ഏതാണ്ട് എണ്ണായിരത്തിലധികം പഴുതാര വർഗങ്ങൾ ലോകത്തുള്ളതായി കണക്കാക്കപ്പെടുന്നു. ഇതിൽ മൂവായിരം എണ്ണത്തിനെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.ഇതിൽ തന്നെ സ്കോളോപെൻഡ്ര എന്ന വലിയ ഇനം പഴുതാരയാണ് ലോകത്തിലെ ഏറ്റവും വലിയ പഴുതാര. ഏകദേശം 30 സെന്റീമീറ്റർ നീളം വരെ ഇവയ്ക്കുണ്ടാകും.

വളർത്തു പ്രാണികളുടെ വിഡിയോ ദൃശ്യങ്ങളും ലീ പകർത്താറുണ്ട്. അങ്ങനെയൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പഴുതാരയെ പേടിയുള്ളവരെ പേടിപ്പിക്കുന്നതാണ് താൻ പകർത്തിയ ദൃശ്യങ്ങളെന്ന് ലീ വ്യക്തമാക്കി. ലീയുടെ വളർത്തു പഴുതാരകളിലൊന്ന് കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ദൃശ്യങ്ങളാണിത്.

പഴുതാരകൾ ഒരുതവണ 15 മുതൽ 50 വരെ മുട്ടകളിടാറുണ്ട്. മണ്ണിനടിയും മറ്റുമാണ് ഇവ മുട്ടകൾ സൂക്ഷിക്കുക. മുട്ട വിരിയുന്നത് വരെ പെൺ പഴുതാരകൾ അവയെ സംരക്ഷിക്കാറുമുണ്ട്. ഇങ്ങനെ വിരിഞ്ഞ പഴുതാരക്കുഞ്ഞുങ്ങൾ അമ്മയുടെ ശരീരത്തിൽ കൂടിയിരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. സ്വന്തമായി ഇരതേടാൻ പാകമാകും വരെ പഴുതാരക്കുഞ്ഞുങ്ങൾ അമ്മയോടൊപ്പമുണ്ടാകും.