മുതലകളും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടം വനാന്തരങ്ങളിൽ പതിവ് കാഴ്ചയാണ്. വലുപ്പത്തിലും ശക്തിയിലും മുന്നിൽ നിൽക്കുന്ന് മുതലകളാകും പലപ്പോഴും ഈ പോരട്ടത്തിൽ വിജയിക്കുക. അപൂർവമായി പെരുമ്പാമ്പുകൾ മുതലയെ വിഴുങ്ങിയ സംഭവും ഉണ്ടാകാറുണ്ട്.

ഫ്ലോറിഡയിലെ എവർഗ്ലേഡ് നാഷണൽ പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇവാൻ വിൽസൺ എന്ന വൈൽഡ് ലൈഫ് വിഡിയോഗ്രഫറാണ് ഇവിടെ നടന്ന മുതലയും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.13 അടിയോളം നീളമുള്ള ബർമീസ് പൈതൺ വിഭാഗത്തിൽ പെട്ട പെരുമ്പാമ്പും 11 അടിയോളം നീളമുള്ള മുതലയും തമ്മിലായിരുന്നു പോരാട്ടം.

കൂറ്റൻ മുതലയ്ക്ക് മുന്നിൽ അധികനേരമൊന്നും പിടിച്ചു നിൽക്കാൻ ബർമീസ് പെരുമ്പാമ്പിന് സാധിച്ചില്ല. മുതലയുടെ കൂറ്റൻ വായ്ക്കുള്ളിൽ ഞെരിഞ്ഞമരാനായിരുന്നു പെരുമ്പാമ്പിന്റെ വിധി. കടിച്ചു കുടഞ്ഞ പെരുമ്പാമ്പിന്റെ ശരീരവുമായി മുതല കാടിനുള്ളിലേക്ക് മറഞ്ഞു. ഹോളിവുഡ് സിനിമയിലെ രംഗങ്ങളെ വെല്ലുന്ന ദൃശ്യങ്ങളാണ് കാടിനുള്ളിൽ നടക്കുന്നതെന്ന് ഇവാൻ വിൽസൺ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലുള്ള മൗണ്ട് ഇസായിൽ കയാക്കിങ്ങിനെത്തിയ മാർട്ടിൻ മുള്ളർ എന്ന സാഹസിക സഞ്ചാരി അത്തരമൊരു ദൃശ്യം പകർത്തിയിരുന്നു.  ഒരു ചതുപ്പ് നിലത്തിനു സമീപമാണ് കൂറ്റൻ മുതലയും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടം നടന്നത്. ശുദ്ധജലത്തിൽ ജീവിക്കുന്ന മുതലയും ഒലിവ് പൈതൺ വിഭാഗത്തിലുള്ള പെരുമ്പാമ്പും തമ്മിലായിരുന്നു പോരാട്ടം .ഏറെനേരം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ കൂറ്റൻ മുതലയെ അന്ന് പെരുമ്പാമ്പ് അകത്താക്കുകയായിരുന്നു.