ജോർജിയയിലെ സെന്റ് സൈമൺസ് ദ്വീപിലുള്ള ഈസ്റ്റ് ബീച്ചിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇവിടെ തീരത്തടിഞ്ഞ അൻപതോളം പൈലറ്റ് തിമിംഗലങ്ങളെയാണ് ബീച്ചിലുണ്ടായിരുന്നവരും രക്ഷാപ്രവർത്തകരും ചേർന്ന് ആഴക്കടലിലേക്ക് തിരികെ അയച്ചത്. മൂന്നെണ്ണത്തെ രക്ഷിക്കാനായില്ല. ചൊവ്വാഴ്ചയാണ് തിമിംഗലങ്ങൾ കൂട്ടത്തോടെ കരയിലേക്ക് എത്തിത്തുടങ്ങിയത്.

കരയിലേക്കെത്തിയ തിമിംഗലങ്ങളെ തീരത്തുണ്ടായിരുന്നവരും വിവിധ വിഭാഗങ്ങളിലുള്ള രക്ഷാപ്രവർത്തകരും ചേർന്ന് കടലിലേക്ക് സുരക്ഷിതരായി തിരിച്ചയച്ചെന്ന് ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്വറൽ റിസോഴ്സ് വിഭാഗം വ്യക്തമാക്കി. ബീച്ചിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലാണ് തിമിംഗലങ്ങളുടെ കൂട്ടമരണം ഒഴിവാക്കിയത്. എന്തുകൊണ്ടാണ് ഇവ കൂട്ടത്തോടെ കരയിലേക്കെത്തിയതെന്ന കാര്യം വ്യക്തമല്ലെന്ന് ബയോളജിസ്റ്റായ ക്ലേ ജോർജ് പറഞ്ഞു.