വയനാട്ടിലെ പനമരം ടൗണിലെ താറാവ് റാലിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പനമരത്തും പരിസര പ്രദേശങ്ങളിലും മഴക്കാലമാകുമ്പോഴുള്ള സ്ഥിരം കാഴ്ചയാണിത്. പനമരം മാത്തൂര്‍വയല്‍, പുഞ്ചവയല്‍ തുടങ്ങിയ പാടശേഖരങ്ങളില്‍ കുട്ടനാട്ടില്‍നിന്നുള്ള താറാവ് കര്‍ഷകര്‍ നൂറുകണക്കിനു താറാവ് കൂട്ടങ്ങളുമായെത്തും. വിത്തുവിതയ്ക്കുന്നതിനു മുന്‍പ് വയലിലെ തീറ്റയ്ക്കായാണു താറാവുകളെ ഇറക്കുന്നത്. 

കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ താറാവ് കൂട്ടത്തെ ഇറക്കി വളര്‍ത്തുമ്പോള്‍ തീറ്റച്ചെലവ് കുറയ്ക്കാം. വയനാട്ടിലെ താറാവുകര്‍ഷകരും ഈ സമയത്തു താറാവുകളെ തീറ്റയ്ക്കായി പാ‍ടശേഖരങ്ങളില്‍ ഇറക്കുന്നു. താറാവിന്‍കൂട്ടത്തെ ഒരൊറ്റ വടിയുടെ ചലനത്താലാണു കര്‍ഷകര്‍ നിയന്ത്രിക്കുന്നത്. വടിയുടെ ദിശനോക്കി നൂറുകണക്കിനു താറാവുകള്‍ നേര്‍വഴി നടക്കും.

പനമരം ടൗണിലൂടെയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇടയിലൂടെ അച്ചടക്കം പാലിച്ചുപോകുന്ന താറാവിന്‍കൂട്ടം പതിവുകാഴ്ചയാണ്. താറാവുകളെ തീറ്റാന്‍ വയല്‍ സ്വന്തമായില്ലാത്ത താറാവുകൃഷിക്കാര്‍ വയലിന്റെ ഉടമയ്ക്കു പ്രതിഫലമായി മുട്ടകള്‍ നല്‍കുന്ന രീതിയുമുണ്ട്. ഒരു താറാവില്‍നിന്നു വര്‍ഷംതോറും 250-280 മുട്ടകള്‍ വരെ ലഭിക്കും.