ദേശീയ കടുവ കണക്കെടുപ്പിൽ 524 കടുവകളുമായി കർണാടകയ്ക്ക് രണ്ടാംസ്ഥാനം. 526 കടുവകളുമായി മധ്യപ്രദേശ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2014ലെ കണക്കെടുപ്പിൽ 406 കടുവകളുമായി കർണാടകയായിരുന്നു ഒന്നാമത്. 442 കടുവകളുമായി ഉത്തരാഖണ്ഡാണ് മൂന്നാമത്. ഇത്തവണ ആദ്യമായി എം സ്ട്രൈപ്സ് എന്ന മൊബൈൽ ആപ് ഉപയോഗിച്ചാണ് 15 മാസം കൊണ്ട് കടുവ കണക്കെടുപ്പ് പൂർത്തിയാക്കിയത്. ബന്ദിപ്പൂർ, നാഗർഹോളെ ,ചാമരാജ്നഗർ ജില്ലയിലെ ബിലിഗിരി രംഗനാഥ ക്ഷേത്രം (ബിആർടി) ,ഉത്തരകന്നഡയിലെ അൻഷി-ദണ്്ഡേലി, ചിക്കമഗളൂരുവിലെ ഭദ്ര എന്നീ 5 സങ്കേതങ്ങളിലാണ് കടുവകൾ കാണപ്പെടുന്നത്.

ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ നടത്തിയ പ്രവർത്തനങ്ങളാണ് കർണാടക വനങ്ങളിൽ കടുവകൾക്ക് സ്വൈര്യ ജീവിതം സാധ്യമാക്കിയത്. ഇന്ത്യയിൽ ആദ്യമായി കടുവസംരക്ഷണത്തിന് സംരക്ഷണ സേന രൂപീകരിച്ചത് ബന്ദിപ്പൂരിലായിരുന്നു. പശ്ചിമഘട്ട വനമേഖലയിലുൾപ്പെടുന്ന ബന്ദിപ്പൂരിനും നാഗർഹോളയ്ക്കും അതിരിടുന്നത് കേരളത്തിന്റെ വയനാട് വന്യജീവിസങ്കേതവും തമിഴ്നാടിന്റെ മുതുമലൈ സങ്കേതവുമാണ്.11,000 ചതുരശ്ര അടിയിലാണ് നാല് സങ്കേതങ്ങൾ വ്യാപിച്ചു കടക്കുന്നത്.