ആഫ്രിക്കൻ ഒച്ചിന്റെ പിടിയിൽ നിന്ന് എന്നു മോചനം ലഭിക്കുമെന്ന ചിന്തയിലാണ് പത്തനംതിട്ട ഏനാത്ത് ഏഴംകുളം പഞ്ചായത്തിലെ കൈതപറമ്പു നിവാസികൾ. കഴിഞ്ഞ 4 വർഷമായി മഴക്കാലമെത്തിയാൽ വീടിനുള്ളിൽ വരെ ഒച്ചിഴഞ്ഞെത്തും. ഇലകളും പഴങ്ങളും തിന്നു നശിപ്പിക്കുന്നതിനൊപ്പം ഒച്ചിന്റെ  തോടുകൾ, സ്രവം, കാഷ്ടം എന്നിവയൊക്കെ നാട്ടുകാർക്ക് അസഹനീയമായി. വീട്ടുകാര്യങ്ങൾക്കൊപ്പം ഒച്ചിനെ അകറ്റാനും സമയം കണ്ടെത്തണമെന്ന് വീട്ടമ്മമാർ പറയുന്നത്. 

ഇവയ്ക്ക് റബർ പാലും ഇഷ്ട പാനീയമായതോടെ സാമ്പത്തിക നഷ്ടവും നേരിടുന്നു. വാഹനത്തിൽ എത്തിച്ച ആറ്റു മണലിനൊപ്പമാണ് പ്രദേശത്ത് അഞ്ചു വർഷം മുൻപ് ആഫ്രിക്കൻ ഒച്ച് എത്തിയതെന്ന് നാട്ടുകാർ സംശയിക്കുന്നു. എന്നാൽ ഇതുവരെയും ഒച്ചിനെ പൂർണമായി നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 6 മാസംകൊണ്ട് വളർച്ച പൂർത്തിയാക്കുന്ന ഇവ മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരത്തിലധികം മുട്ടയിടും.

ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന വൈറസിന്റെ വാഹകരാണെന്ന്  മുൻപ് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചിരുന്നു. വൈറസ് വാഹകരായ ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിലെ സ്രവം മനുഷ്യ ശരീരത്തിൽ എത്തിയാൽ മസ്തിഷ്ക ജ്വരത്തിനു കാരണമാകുമെന്നായിരുന്നു കണ്ടെത്തൽ.ഒച്ചിനെ അബദ്ധത്തിൽ തൊട്ടാൽ പോലും കൈ കഴുകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്കു മുന്നറിയിപ്പു നൽകി.

പ്രതികൂല കാലാവസ്ഥയിൽ 3 വർഷം വരെ തോടിനുള്ളിൽ കഴിയാൻ സാധിക്കുന്ന ഇവയുടെ ശല്യം ഇവിടെ കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. ഉപ്പു വിതറിയാണ് ഇവയിൽ നിന്നുള്ള താതക്കാലിക ആശ്വാസം കണ്ടെത്തുന്നത്. എന്നാൽ വീട്ടു പരിസരത്തു നിന്ന് അകറ്റാനുള്ള ശ്രമം മാത്രമാണ് നടത്തുന്നത്. അതിനാൽ പറമ്പിലെ മരങ്ങൾ, ചെടികൾ, മതിലുകൾ എന്നിവിടങ്ങളിൽ കഴിയുന്ന ഇവയെ പൂർണമായി നശിപ്പിക്കാത്തതിനാൽ വീണ്ടും പെരുകുകയാണ്. ഒച്ചിനെ അകറ്റാനുള്ള നടപടികൾ ഒച്ചിഴയും വേഗത്തിലാകുമ്പോൾ  നാട്ടുകാരുടെ ഉറക്കം കെടുന്നു.