പ്രളയം ഏറെ ബാധിച്ച ബെളഗാവിയിലെ റായ്ബാഗിൽ വീടിനു മുകളിൽ മുതലയെ കണ്ട് ഭയന്നു പ്രദേശവാസികൾ. ഞായറാഴ്ച ഉച്ചതിരിഞ്ഞാണു സംഭവം. കർണാടകയിൽ മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായ ബെൽഗാമിലെ റേബാഗ് താലൂക്കിലാണ് സംഭവം. പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിലുള്ള മുതലയുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്. 

പത്ത് അടിയോളം നീളമുള്ള മുതലയെ വീടിന്റെ മേൽകൂരയിലാണ് കാണപ്പെട്ടത്. ഒരു മണിക്കൂറോളം മേൽക്കൂരയിൽ കഴിഞ്ഞ മുതലയെ  പുരപ്പുറത്തു നിന്നു താഴെയിറക്കാനായി ജനം കല്ലെറിഞ്ഞതോടെ ഇത് പ്രളയജലത്തിലിറങ്ങി രക്ഷപ്പെട്ടതായി സ്ഥലത്തെത്തിയ വനപാലക‍ർ പറഞ്ഞു. 

പെരുവെള്ളം കയറിയതിനെ തുട‍ന്ന് പാമ്പുകൾ ഉൾപ്പെടെ ഒട്ടേറെ ഇഴജന്തുക്കളാണ് വിടുകൾക്കുള്ളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വെള്ളത്തിൽ അകപ്പെട്ട അരലക്ഷത്തോളം വളർത്തു മൃഗങ്ങളെയാണ് ദുരന്തനിവാരണ സേനകൾ രക്ഷിച്ചത്.