ഒരു ദശാബ്ദത്തോളം ന്യൂസീലന്‍‍ഡിലെ ലാബിലെ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരുന്ന ഒരു പക്ഷിയുടെ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ ലോകത്തെ തന്നെ വിസ്മയിപ്പിക്കാന്‍ കഴിയുന്ന കണ്ടെത്തലിലേക്ക് നയിച്ചത്. എന്നോ വംശനാശം സംഭവിച്ച ഒരു പരുന്ത് വര്‍ഗത്തിന്‍റേതാണ് ഈ ഫോസിലെന്നായിരുന്നു ഗവേഷകരുടെ ധാരണ. എന്നാല്‍ അടുത്തിടെ ഫോസിലുകള്‍ വിശദമായ പഠനത്തിന് വിധേയമാക്കിയപ്പോഴാണ് ഫോസിലുകള്‍ ഒരു തത്തയുടേതാണെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. 

രാക്ഷസ തത്തകള്‍

ഹെറാക്കിള്‍സ് ഇൻഎക്സ്പെക്റ്റാറ്റസ് എന്നതാണ് ഈ തത്തവര്‍ഗത്തിന് നല്‍കിയിരിക്കുന്ന ശാസ്ത്ര നാമം. ന്യൂസീലന്‍ഡില്‍ നിന്ന് കണ്ടെത്തിയ ഈ തത്തയുടെ ഫോസിലില്‍ നടത്തിയ പഠനത്തില്‍ ഇവയ്ക്ക് ഏതാണ്ട് 3 അടിയോളം വലുപ്പമുണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞു. അതായത് 4 വയസ്സുള്ള ഒരു മനുഷ്യക്കുട്ടിയുടെ ശരാശരി വലുപ്പത്തേക്കാള്‍ കൂടുതല്‍ ഉയരം ഇവയ്ക്കുണ്ടായിരുന്നു എന്ന് സാരം. ഇതുവരെ ഭൂമിയിൽ കണ്ടെത്തിയിട്ടുള്ള തത്തവര്‍ഗങ്ങളില്‍ വച്ച് ഏറ്റവും വലുതാണ് സ്വാകിക്സില്ല എന്നു വിളിപ്പേര് ലഭിച്ചിരിക്കുന്ന ഇവയെന്നാണു കണക്കു കൂട്ടുന്നത്.

ഭീമന്‍ തത്തകള്‍ എന്നറിയപ്പെടുന്ന ന്യൂസീലന്‍ഡിലെ തന്നെ തത്തവര്‍ഗമായ കകാപോ എന്ന ഇനത്തിന്‍റെ ഇരട്ടി ഭാരം ഈ രാക്ഷസ തത്തകള്‍ക്കുണ്ടായിരുന്നു എന്നും കരുതുന്നു. ഏതാണ്ട് 8 കിലോയോളം ഭാരം ഈ തത്തകള്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ് കരുതുന്നത്. മറ്റ് പക്ഷികളെ പോലും ഭക്ഷണമാക്കുന്ന പരുന്തുകളുടെയും മറ്റും രീതി ഈ തത്തകള്‍ക്കുണ്ടായിരുന്നുവെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. 

പത്ത് വര്‍ഷത്തെ കാത്തിരിപ്പ്

2008 ലാണ് ഈ ഫോസിലുകള്‍ ഗവേഷകര്‍ കണ്ടെത്തിയത്. സമാനമായ ഫോസിലുകള്‍ മുന്‍പ് ഓസ്ട്രേലിയയിലും കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയിലെ സ്മിത്‌സോണിയന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ഫോസിലുകള്‍ റ്റിബിയോടര്‍സി എന്ന പരുന്ത് വര്‍ഗത്തിന്‍റേതാണെന്ന് പഠനത്തില്‍ മുന്‍പ് വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയയില്‍ കണ്ടെത്തിയ പക്ഷിവര്‍ഗത്തിന്‍റെ ഫോസിലുകളാകും ന്യൂസീലന്‍ഡിലേതും എന്ന ചിന്തയിലാണ് 2008 ല്‍ കണ്ടെത്തിയിട്ടും ഇവയെ വിശദമായ പഠനത്തിനു വിധേയമാക്കാതിരുന്നത്.

എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഇവ പഠനത്തിനായി പുറത്തെടുത്തപ്പോള്‍ ലഭിച്ചതാകട്ടെ പക്ഷിവര്‍ഗങ്ങളെക്കുറിച്ചുള്ള പഠനത്തിലെ തന്നെ നിര്‍ണായകമായ വിവരങ്ങളാണ്. ഫ്ലിന്‍റേഴ്സ് സര്‍വകലാശാലയിലെ പാലിയന്‍റേളജിസ്റ്റുകളായ ട്രവര്‍ വര്‍ത്തി, എലന്‍ മാത്തര്‍ എന്നിവരാണ് ഈ ഫോസിലില്‍ വിശദമായ പഠനങ്ങള്‍ നടത്തിയത്. ഈ ഫോസിലുകള്‍ ഒരു തത്തയുടേതാണെന്ന് തെളിഞ്ഞതോടെ ലോകത്തെ ഇക്കാര്യം എങ്ങനെ വിശ്വസിപ്പിക്കും എന്നതാണ് താന്‍ ആലോചിച്ചതെന്ന് ട്രവര്‍ വര്‍ത്തി പറയുന്നു. 

ഏതാണ്ട് 16 മുതല്‍ 23 ദശലക്ഷം വര്‍ഷം മുന്‍പാണ് ഈ പക്ഷികള്‍ ജീവിച്ചിരുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. മിയോസീന്‍ യുഗത്തിന്‍റെ തുടക്കത്തിലുള്ള ഈ കാലഘട്ടത്തില്‍ കാണപ്പെട്ടിരുന്ന ഈ പക്ഷികള്‍ക്ക് പറക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല എന്നാണ് ഗവേഷകരുടെ നിഗമനം. അവയുടെ ശരീരഭാരവും ശരീരഘടനയും തമ്മില്‍താരതമ്യപ്പെടുത്തുമ്പോള്‍ ഈ പക്ഷികള്‍ക്ക് പറക്കാന്‍ കഴിഞ്ഞിരിക്കില്ല എന്നാണ് കണക്കാക്കാന്‍ കഴിയുന്നതെന്ന് ട്രവര്‍ പറയുന്നു.

സ്ക്വാക്സില്ല എന്ന പേരിന് പിന്നില്‍ 

മറ്റ് പക്ഷികളെ ഭക്ഷണമാക്കിയിരുന്നതിനാലാണ് ഇവയ്ക്ക് സ്ക്വാക്സില്ല എന്ന പേര് നല്‍കാന്‍ തീരുമാനിച്ചത്. മറ്റ് പക്ഷികളില്‍ വലുപ്പം കുറഞ്ഞ ഇനം തത്തകളും ഉള്‍പ്പെട്ടിരിക്കാമെന്നാണ് കണക്കാക്കുന്നത്. ന്യൂസീലന്‍ഡിലെ സെന്‍റ് ബാത്തന്‍സ് പ്രദേശത്തു നിന്നാണ് ഈ ഫോസിലുകള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ നിന്ന് മുന്‍പും നിര്‍ണായകമായ പല ഫോസിലുകളും ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോഴത്തെ കണ്ടെത്തലും അവസാനത്തേതാകില്ലെന്നും ഗവേഷര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.