പരുക്കേറ്റ് അവശ നിലയിൽ വഴിയരികിൽ കിടന്ന പുള്ളിപ്പുലിയുടെ ചിത്രമെടുക്കാൻ ശ്രമിച്ചയാൾക്ക് പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു. പശ്ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ ഫലാകാടായിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.

സമീപത്തുള്ള ‍ഡാൽഗാവോൺ വനത്തിനു സമീപമുള്ള ഹൈവേയിലാണ് പുലിയെ കണ്ടത്. റോഡ് മറികടക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ ഇതുവഴി കടന്നുപോയ വാഹനം ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പുലി വഴിയരികിലേക്ക് തെറിച്ചുവീണു. സംഭവം നടന്ന ഉടൻ തന്നെ ആളുകൾ തടിച്ചുകൂടി. എല്ലാവരും മൊബൈലിൽ ചിത്രങ്ങൾ പകർത്താൻ തുടങ്ങി. ഇതിനിടയിലാണ് പുലി പ്രകോപിതയായി ചിത്രങ്ങൾ പകർത്തുകയായിരുന്ന മനുഷ്യനെ ആക്രമിച്ചത്. ഇതോടെ കൂട്ടംകൂടി നിന്ന ആളുകൾ ചിതറിയോടി. ഇയാളുടെ പരുക്കുകൾ ഗുരുതരമല്ല.

പരുക്കേറ്റ പുള്ളിപ്പുലിയെ പിന്നീട് ജൽദാപരാ നാഷണൽ പാർക്ക് അധികൃതർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുമ്പോൾ വനത്തിൽ തുറന്നു വിടാനാണ് തീരുമാനം. വാഹനാപകടത്തിൽ പെൺ പുള്ളിപ്പുലിയുടെ വലതു കാലിനും തലയ്ക്കുമാണ് പരുക്കെന്ന് അധികൃതർ വ്യക്തമാക്കി.