ഫ്ലോറിഡയിലെ നേവൽ ബേസിന്റെ വേലി ചാടിക്കടന്ന ചീങ്കണ്ണിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ  തരംഗമാകുന്നത്. ജാക്സൺവില്ല എയർ സ്റ്റേഷനു സമീപമുള്ള നിരത്തിൽ കൂടി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ക്രിസ്റ്റീന സ്റ്റ്യുവർട്ട് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ക്രിസ്റ്റീന തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരത്തിലൂടെ പോകുകയായിരുന്ന ചീങ്കണ്ണി വളരെ ലാഘവത്തോടെയാണ് ഇരുമ്പുവേലി ചാടിക്കടന്ന് പുൽപ്പരപ്പിലൂടെ വേഗത്തിൽ ഇഴഞ്ഞു നീങ്ങിയത്. ഫ്ലോറിഡയിൽ മുതലകളും ചീങ്കണ്ണികളുമൊക്കെ നിരത്തിലൂടെ നീങ്ങുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. മിക്കവാറും സ്ഥലങ്ങളിൽ ഇവ പ്രത്യക്ഷപ്പെടാറുമുണ്ട്.

ഏകദേശം നാല് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. ജാക്സൺവില്ല നേവൽ എയർ സ്റ്റേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. കുട്ടികളെയും വളർത്തു മൃഗങ്ങളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.