സ്കൂളിൽ പോകാൻ മടിയുള്ള കുട്ടികൾ വയറുവേദനയും കാലുവേദനയുമൊക്കെ അഭിനയിച്ച് മാതാപിതാക്കളെ പറ്റിക്കാൻ നോക്കാറുണ്ട്. രക്ഷിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനും കുട്ടികൾ ഇത്തരം ചില വിദ്യകൾ പ്രയോഗിക്കാറുണ്ട്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല ആളുകളെ പറ്റിക്കുന്ന ഈ വിദ്യകളൊക്കെ തങ്ങൾക്കും വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നായ. ബാങ്കോക്കിലെ ഒരു നായയാണ് ഇത്തരത്തിൽ ആളുകളെ പറ്റിച്ച് സമൂഹമാധ്യമങ്ങളിൽ താരമായി മാറിയത്.

പിൻകാലുകളിലൊന്ന് ഒടിഞ്ഞു തൂങ്ങിയ നിലയിൽ നിരത്തിലൂടെ ഇഴഞ്ഞു നീങ്ങിയാണ് നായ ആളുകളെ ശ്രദ്ധയാകർഷിച്ചത്. ഭക്ഷണത്തിനു വേണ്ടിയാണോ അതോ വെറുതെ ഒരു നേരമ്പോക്കിനായി ആളുകളുടെ ശ്രദ്ധയാകർഷിക്കാനാണോ നായ ഇങ്ങനെ പെരുമാറിയതെന്നു വ്യക്തമല്ല. കാര്യമെന്തായാലും ഗേയ് എന്നു വിളിക്കുന്ന ഈ നായയെ നന്നായി അറിയാവുന്ന ഒരു പ്രദേശവാസിയാണ് നായയുടെ അഭിനയം പൊളിച്ചടുക്കിയത്.

ബൈക്കിലെത്തിയയാൾ നായയുടെ അവസ്ഥ കണ്ട് ബൈക്ക് നിർത്തി ഒടിഞ്ഞ കാൽ പരിശോധിക്കാനെത്തി. ഇയാൾ വിളിച്ചതോടെ അഭിനയം നിർത്തി നാലുകാലിൽ നിവർന്ന് നിന്ന നായ അരികിലേക്ക് ഓടിയെത്തി. അപ്പോൾ മാത്രമാണ് നായയുടെ അവസ്ഥ കണ്ട് പരിതപിച്ചവർക്ക് ഇത് വെറും അഭിനയം മാത്രമാണെന്ന് മനസ്സിലായത്. കാര്യമെന്തായാലും നായയുടെ ഈ കിടിലൻ അഭിനയമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.