മുള്ളൻപന്നിയെ പിടിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. സാധാരണയായി മുള്ളൻ പന്നികളെ ഈ വിഭാഗത്തിൽ പെടുന്ന ജീവികളൊന്നും വേട്ടയാടാറില്ല. മുള്ളൻ പന്നികളുടെ കൂർത്ത മുള്ളുകളെ പേടിച്ചാണ് ഇവയെ മറ്റുമൃഗങ്ങൾ ഒഴിവാക്കുന്നത്. മുള്ളൻപന്നിയുമായി ഏറ്റുമുട്ടിയാൽ പലപ്പോഴും പരാജയമായിരിക്കും ഫലം. മാത്രമല്ല അവയുടെ കൂർത്ത മുള്ളുകൾ ശരീരത്തിൽ ഏൽപിക്കുന്ന ആഘാതം വേറെയും.

സൗത്ത് ആഫ്രിക്കയിൽ ക്രൂഗർ നാഷണൽ പാർക്കിൽ നിന്നുള്ളതാണ് രസകരമായ ഈ ദൃശ്യങ്ങൾ. നാഷണൽ പാർക്കിലൂടെ രാത്രിയിൽ സഞ്ചരിച്ച ഗെറിറ്റ് മേയർ എന്ന റേഞ്ചറുടെ വാഹനത്തിനു മുന്നിലായിരുന്നു പുള്ളിപ്പുലിയുടെയും മുള്ളൻ പന്നിയുടേയും രസകരമായ പോരാട്ടം. കഴിഞ്ഞ 25 വർഷത്തെ സേവനത്തിനിടയിൽ രണ്ടാം തവണയാണ് പുള്ളിപ്പുലിയും മുള്ളൻപന്നിയും തമ്മിലുള്ള പോരാട്ടം നേരിൽ കാണുന്നതെന്ന് ഗെറിറ്റ് മേയർ വ്യക്തമാക്കി.

മുള്ളൻ പന്നിയുടെ ചുറ്റും നടന്ന് അതിന്റെ ശരീരത്തിലെവിടെയെങ്കിലും ഒരു പിടുത്തം കിട്ടുമോയോന്ന് പുള്ളിപ്പുലി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പുള്ളിപ്പുലി പിടിക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് മുള്ളൻപന്നിയും വട്ടം കറങ്ങിക്കൊണ്ടിരുന്നു. ഇതിനിടയിൽ സ്വയരക്ഷയ്ക്കായി പുള്ളിപ്പുലിയുടെ മുഖത്തേക്ക് മുള്ളുകളും തെറിപ്പിച്ചു. ഇരുന്നു കിടന്നുമൊക്കെ മുള്ളൻപന്നിയെ പിടികൂടാൻ ശ്രമിച്ച പുള്ളിപ്പുലി ഒടുവിൽ മുഖത്തു തുളച്ചു കയറിയ മുള്ളുകളുമായി പരാജിതനായി മടങ്ങി. അടുത്ത കുറ്റിക്കാട്ടിലേക്ക് മുള്ളൻപന്നിയും മറഞ്ഞു. രസകരമായ ഈ ദൃശ്യങ്ങൾ പകർത്താൻ സാധിച്ചതിന്റെ സന്തോഷത്തിൽ ഗെറിറ്റ് മേയറും മടങ്ങി.