ചോദിക്കാതെയും പറയാതെയും ഫൊട്ടോയെടുത്താൽ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ? അങ്ങനെ ഫൊട്ടോയെടുത്താൽ ആരും പ്രതികരിക്കും. അത്രയേ ഇവിടെയും സംഭവിച്ചുള്ളൂ. പറഞ്ഞു വരുന്നത് ബിബിയുടെ ഒരു ക്യാമറമാന് സംഭവിച്ച അബദ്ധത്തെക്കുറിച്ചാണ്.പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിൽഷെയറിലുള്ള ലോങ്‌ലീറ്റ് എസ്റ്റേറ്റ് ആൻഡ് സഫാരി പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.

എക്സ്പ്ലോറിങ് ലൈഫ് എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടയിലാണ് ക്യാമറമാനെ  കാമറൂൺ വിഭാഗത്തിൽ പെട്ട ആട് ആക്രമിച്ചത്. പാർക്ക് ജീവനക്കാർ അവിടുത്തെ മൃഗങ്ങളെ പരിചയപ്പെടുത്തുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ആട് ക്യാമറമാനെ ആക്രമിച്ചത്. ആഫ്രിക്കയിൽ നിന്നെത്തിച്ച കാമെറൂൺ വിഭാഗത്തിൽ പെട്ട സെസിൽ എന്ന ആടാണ് ആക്രമിച്ചത്. 

സെസിലിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ക്യാമറാമാന് നിസാരമായ പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ വേദനകൊണ്ടു പുളഞ്ഞ ഇയാൾ മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയ ഈ ദൃശ്യങ്ങൾ ഏകദേശം 9 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ കണ്ടുകഴിഞ്ഞു.