കീരിയും പാമ്പും ആജന്മശത്രുക്കളാണ്. പാമ്പിൻ വിഷമൊന്നും കീരിക്കൊരു പ്രശ്മേയല്ല. കീരികളുടെ മെയ്‌വഴക്കമാണ് പാമ്പിന്റെ പിടിയിൽ പെടാതെ വഴുതിമാറാൻ അവയെ സഹായിക്കുന്നത്.മാത്രമല്ല പാമ്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കീരികൾക്കുണ്ട് അതുകൊണ്ട് തന്നെ പാമ്പിനെ എവിടെ കണ്ടാലും കീരികൾ വെറുതെ വിടാറുമില്ല. ഇങ്ങനെയൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മരത്തിനു മുകളിലിരിക്കുന്ന വലിയ വിഷപ്പാമ്പിനെ പിടിക്കുന്ന കീരിയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. താഴെ നിന്ന് മരത്തിന്റെ ചില്ലകളിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ ലക്ഷ്യമാക്കി കുതിച്ചുചാടിയ കീരി പാമ്പിനെയും കടിച്ചുപിടിച്ചാണ് താഴെയെത്തിയത്. കീരിയുടെ പിടിയിൽ നിന്ന് കുതറി രക്ഷപെടാൻ പാമ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പിന്റെ കഴുത്തിൽ കടിച്ചുപിടിച്ച് പാമ്പിനെ ശിഖരത്തിൽ നിന്നും വലിച്ചിഴച്ചു താഴെയിട്ട കീരി, തന്റെ ഇരട്ടി വലുപ്പമുള്ള പാമ്പിനെയും കൊണ്ട് കാടിനുള്ളിലേക്ക് മറയുന്നതാണ് ദൃശ്യത്തിലുള്ളത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് പാമ്പിനെ പിടികൂടുന്ന കീരിയുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.