മറയൂർ പള്ളനാട്ടിൽ കാപ്പിതോട്ടത്തിൽ നിന്നു പെരുമ്പാമ്പിനെ പിടികൂടി. പള്ളനാട് സ്വദേശി സുബ്ബുരാജിന്റെ കാപ്പി തോട്ടത്തിൽ നിന്നുമാണ് ഏകദേശം 15 കിലോ തൂക്കംവരുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്.  കാപ്പി തോട്ടത്തിൽ പണിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ കളവെട്ടി മാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. നാച്ചിവയൽ സാൻഡൽ ഡിവിഷനിലെ താൽക്കാലിക വാച്ചറായ സെൽവരാജ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. ചിന്നാർ വനത്തിൽ വിട്ടയച്ചു.

മൂന്നു മീറ്റർവരെ സാധാരണഗതിയിൽ പെരുമ്പാമ്പുകൾ വളരും. ഏഴു മീറ്ററിനുമേൽ നീളമുള്ളവയെയും രേഖപ്പെടുത്തിയിട്ടുണ്ട്. തവിട്ടുനിറമുള്ള ശരീരത്തിലെ പുള്ളികൾക്കു വിളർത്ത നിറമാണ്. ഏതാണ്ട് അറ്റം മുറിച്ച ത്രികോണാകൃതിയാണ് തലയ്‌ക്ക്. അടിവശം മുഷിഞ്ഞ വെള്ളയും.

മലകളിലും തീരപ്രദേശങ്ങളിലെ കണ്ടൽക്കാടുകളിലും ചതുപ്പുകളിലുമൊക്കെ പെരുമ്പാമ്പുകൾ കാണപ്പെടുന്നു. ഉഷ്‌ണരക്‌തമുള്ള ജീവികളാണ് പ്രധാന ആഹാരം. വലിയ പെരുമ്പാമ്പുകൾ കാട്ടുപന്നിയെയും മാനുകളെയുമൊക്കെ വിഴുങ്ങുന്നു. എലികൾ, മറ്റു ചെറുമൃഗങ്ങൾ, പക്ഷികൾ എന്നിവയൊക്കെ പെരുമ്പാമ്പിന്റെ ആഹാരമാണ്. രാത്രിഞ്ചരനാണ് പെരുമ്പാമ്പ്.

ഒറ്റത്തവണ നൂറിലധികം മുട്ടകളിടും. പെൺപാമ്പ് ചുറ്റിവരിഞ്ഞ് മുട്ടകൾക്ക് ചൂടും ഈർപ്പവും നഷ്‌ടപ്പെടാതെ സൂക്ഷിക്കുന്നു. മുട്ടകൾ വിരിയാൻ 60-80 ദിവസങ്ങൾവരെ എടുക്കും. പെരുമ്പാമ്പിന്റെ മാംസം ഭക്ഷിക്കുന്നവരുണ്ട്. പെരുമ്പാമ്പിന്റെ നെയ്യും മാംസവും ഔഷധഗുണമുള്ളതാണെന്നുള്ള വിശ്വാസമാണ് ഇതിനു പ്രധാന കാരണം. എന്നാൽ പെരുമ്പാമ്പിന്റേതെന്നല്ല, ഒരു ജീവിയുടെയും മാംസത്തിനോ കൊഴുപ്പിനോ ഔഷധമൂല്യമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും ഇന്നും പെരുമ്പാമ്പുകൾ നമ്മുടെ നാട്ടിൽ നിർദാക്ഷിണ്യം കൊലചെയ്യപ്പെടുന്നു. 1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള പാമ്പുകളിൽ ഒന്നാണ് പെരുമ്പാമ്പ്.

നിയമലംഘനം നടത്തുന്നവർക്ക് ഒന്നുമുതൽ ആറുവർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാം. വലക്കണ്ണി മലമ്പാമ്പ്, മുട്ടതീനിപ്പാമ്പ് എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ള മറ്റ് രണ്ടു പാമ്പുകൾ.