വീട്ടിൽ നടത്തിയ പൂജയുടെ ഇടയിൽ കാള  ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല തിന്നു. മഹാരാഷ്ട്രയിലെ വാഗ്പൂർ ഗ്രാമത്തിലാണ് സംഭവം നതന്നത്. മഹാരാഷ്ട്രയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ പ്രധാന ആഘോഷമാണ് ബെയ്ൽ പോള. കാളകളുടെ ഉത്സവം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി അന്നേ ദിവസം കാളകളെ അലങ്കരിച്ച് ഘോഷയാത്രയും മറ്റും നടത്താറുണ്ട്. വീടുകളിലെ സ്തീകൾ കാളയെ ആരതി ഉഴിഞ്ഞ് വീട്ടിലുള്ള സ്വർണ്ണാഭരണങ്ങൾ ഒരു തട്ടത്തിലാക്കി കാളയുടെ തലയിൽ തൊട്ട് അനുഗ്രഹിക്കും .

പതിവ് പോലെ ബെയ്ൽ പോള ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്നു കർഷകനായ ബാബുറാവു ഷിൻഡയും ഭാര്യയും. ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങി വന്ന വീട്ടിലെ കാളകളെ ഷിൻഡയുടെ ഭാര്യ ആരതി ഉഴിഞ്ഞ് സ്വീകരിച്ച ശേഷം ഒന്നരലക്ഷം രൂപ വിലമതിക്കുന്ന മംഗല്യസൂത്രം അവയുടെ തലയിൽ തൊട്ട്  അനുഗ്രഹിക്കുകയായിരുന്നു. പെട്ടന്നാണ് കറണ്ട് പോയത്. മെഴുകുതിരിയെടുക്കാനായി ഇവർ മധുരചപ്പാത്തികൾ നിറച്ച തട്ടത്തിൽ മാല വെച്ച ശേഷം അടുക്കളയിലേക്ക് പോയി. ഈ പാത്രം കാളയുടെ മുന്നിലായിരുന്നു വെച്ചിരുന്നത്. മെഴുകുതിരിയെടുത്ത് തിരികെ വന്നപ്പോഴേക്കും പാത്രം കാലിയായിരുന്നു. ചപ്പാത്തിക്കൊപ്പം അതിൽ വച്ചിരുന്ന താലിമാലയും കാള അകത്താക്കി.

ഉടൻ തന്നെ ഇവർ ഭർത്താവിനെ വിവരമറിയിച്ചു. ഇരുവരും കാളയുടെ വായിൽ കയ്യിട്ടു നോക്കിയെങ്കിലും മാല ലഭിച്ചില്ല. കാള ചാണകമിടുമ്പോൾ കിട്ടുമെന്ന പ്രതീക്ഷയിൽ എട്ടു ദിവസത്തോളം നിരീക്ഷിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. ഒടുവിൽ ഒൻപതാം ദിവസം ഇവർ കാളയെ അടുത്തുള്ള മൃഗഡോക്ടറെ കാണിച്ചു. മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിച്ചപ്പോൾ മാല വയറിനുള്ളിൽ തന്നെയുണ്ടെന്നു കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തി കാളയുടെ വയറിനുള്ളിൽ നിന്നും മാല പുറത്തെടുക്കുകയായിരുന്നു. കാളയുടെ വയറിലെ ശസ്ത്രകിയയുടെ മുറിവുണങ്ങാൻ രണ്ടുമാസത്തോളം സമയംവേണ്ടി വരുമെന്ന് മൃഗഡോക്ടർ വ്യക്തമാക്കി.