എല്ലാ അമ്മമാർക്കും സ്വന്തം കുഞ്ഞുങ്ങളെന്നാല്‍ ജീവനു തുല്യമാണ്. അവർക്കെന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അവരെ രക്ഷിക്കാൻ ഏതറ്റം വരെ പോകാനും അവർ തയാറാകും . ഇതുതന്നെയാണ് ആർട്ടിക് സമുദ്രത്തിലും സംഭവിച്ചത്. അവിടെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി കൂറ്റൻ കടൽ സസ്തനിയായ വാൾറസ് ഗവേഷകരേയും കൊണ്ട് പോകുകയായിരുന്ന റഷ്യൻ നേവിയുടെ ബോട്ടാണ് കുത്തിമറിച്ചത്.

റഷ്യൻ നാവികസേനയുടെ ടഗ് ബോട്ടായ അൽതായിയാണ് വാൾറസിന്റെ ആക്രമണത്തിൽ തകർന്നത്. റഷ്യൻ ജ്യോഗ്രഫിക് സൊസൈറ്റിയിലെ ഗവേഷകരാണ് അപകടത്തിൽ പെട്ടത്. ആർട്ടിക് പ്രദേശത്തുകൂടി ഗവേഷകർ പര്യവേഷണം നടത്തുന്നതിനിടയിലാണ് ബോട്ടിന്റെ മുന്നിലേക്ക് വാൾറസും കുഞ്ഞുങ്ങളുമെത്തിയത്. കുഞ്ഞുങ്ങളുടെ നേർക്കു നീങ്ങി വരുന്ന ബോട്ട് അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് മനസ്സിലാക്കിയാണ് വാൾറസ് ബോട്ടിലേക്ക് ചാടികയറി ആക്രമണം അഴിച്ചുവിട്ടത്.

ഒരു ടണ്ണോളം ഭാരം വരുന്ന വാൾറസ് കൂർത്ത തേറ്റകൾ കൊണ്ടാണ് ബോട്ടിനെ ആക്രമിച്ചത്. ആക്രമണം തുടങ്ങിയപ്പോൾ തന്നെ ബോട്ടിന്റെ ക്യാപ്റ്റൻ  മറ്റ് രണ്ട്  ബോട്ടുകളിലായി യാത്രക്കാരെയെല്ലാം സുരക്ഷിതരായി തീരത്തെത്തിച്ചു. വാൾറസിന്റെ ആക്രമണത്തിൽ കാര്യമായ കേടുപാട് സംഭവിച്ച ബോട്ട് മുങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.