കഴിഞ്ഞ ദിവസം പുലർച്ചെ പേരാമ്പ്ര എസ്റ്റേറ്റിലെ 22 ഏരിയയിൽ പെരുവണ്ണാമൂഴി റിസർ‌വോയർ തീരത്ത് പ്രസവിച്ചു തള്ളയാന ഉപേക്ഷിച്ച കുട്ടിയാനയെ പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് റേഞ്ച് ഫോറസ്റ്റ് ഓഫിസ് പരിസരത്തേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് വെറ്ററിനറി സർജന്റെ നിർദേശപ്രകാരം കുട്ടിയാനയെ പെരുവണ്ണാമൂഴിയിലേക്ക് കൊണ്ടുവന്നത്.കോഴിക്കോട് ഡിവിഷൻ അസി.വെറ്ററിനറി സർജൻ ഡോ.അരുൺ സത്യൻ ആനക്കുട്ടിയെ പരിശോധിച്ചു. സാധാരണ നിലയിൽ പ്രസവിച്ചു 2 മണിക്കൂറിനകം നടക്കാറുണ്ടെങ്കിലും ഈ ആനക്കുട്ടി നടന്നിട്ടില്ല. ജന്മ വൈകല്യമുള്ളതിനാലാണ് കുട്ടിയെ തള്ളയാന ഉപേക്ഷിച്ചതെന്നാണു നിഗമനം.

വനപാലകർ പേരാമ്പ്ര എസ്റ്റേറ്റിൽ കഴിഞ്ഞ 24 മണിക്കൂർ കുട്ടിയാനയെ നിരീക്ഷിച്ചു. ഇന്നലെ പുലർച്ചെ തള്ളയാന എത്തി മുലയൂട്ടുകയും ചെയ്തിരുന്നു. ആനക്കുട്ടി കിടന്നതിന്റെ സമീപത്തായി തള്ളയാനയുള്‍പ്പെടെ 17 ആനകൾ ഇന്നലെ നിലയുറപ്പിച്ചിരുന്നതും എസ്റ്റേറ്റ് തൊഴിലാളികളെ ആശങ്കയിലാഴ്ത്തി.

പോഷകാഹാരം ഉൾപ്പെടെ നൽകുന്നുണ്ടെങ്കിലും കുട്ടിയാനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമല്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പെരുവണ്ണാമൂഴിയിൽ 2 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മാറ്റാനാണ് തീരുമാനം. ഡിഎഫ്ഒയുടെ നിർദേശപ്രകാരം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനക്കുട്ടിയുടെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.

പെരുവണ്ണാമൂഴി റിസർ‌വോയർ തീരത്ത് പ്രസവിച്ച ആനക്കുട്ടിയെ എസ്റ്റേറ്റ് തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച കാലത്ത് 6ന് ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് ആനക്കുട്ടിയെ കണ്ടത്. പുലർച്ചെ ആനയുടെ കരച്ചിൽ സമീപവാസികൾ കേട്ടിരുന്നു. റിസർവോയറിന്റെ തീരത്ത് ചെരിഞ്ഞ മേഖലയിൽ പ്രസവിച്ച ആനക്കുട്ടി റിസർവോയറിലേക്കു ‍ വീഴുകയായിരുന്നു. റിസർവോയറിൽ ചെളിനിറഞ്ഞ നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ തൊഴിലാളികൾ കരയിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.

ആനക്കൂട്ടം പിന്‍വാങ്ങിയതോടെയാണ് അവര്‍ വെള്ളത്തിലേക്കിറങ്ങി കുട്ടിയാനയെ കരയ്ക്കെത്തിച്ചത്. തോര്‍ത്ത് മുണ്ടിലും പഴന്തുണിയിലും പൊതിഞ്ഞ് നന്നായി വൃത്തിയാക്കിയെടുത്തു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടാണ് വനപാലകരെ വിവരമറിയിക്കുന്നത്. വനപാലകരെത്തുമ്പോള്‍ ആനക്കുട്ടി എഴുന്നേറ്റ് നില്‍ക്കാനാകുന്ന അവസ്ഥയിലായിരുന്നു. പിന്നീടാണ് തളര്‍ന്ന് വീണത്. തൊഴിലാളികളും പ്ലാന്റേഷൻ അധികൃതരും ചേർന്നാണ് കുട്ടിയാനയെ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയത് .