അപ്രതീക്ഷിതമായി എത്തിയ കുരങ്ങ് നാട്ടുകാർക്കും വിദ്യാർഥികൾക്കും കൗതുകമായി. ഏറ്റുമാനൂർ അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂളിനു പരിസരത്താണു ഇന്നലെ രാവിലെ 12നു കുരങ്ങിനെ ആദ്യം കണ്ടത്. എന്നാൽ ഒരു കൂട്ടം കാക്കകളുടെ ആക്രമണം ഉണ്ടായതോടെ കുരങ്ങ് സെന്റ് മേരീസ് പള്ളിയുടെ പരിസരത്തു ചാടി നടന്നു. ഈ സമയം പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കുന്നതിനായി എത്തിയ ആളുകളെ കണ്ട് പേടിച്ച് കുരങ്ങ് സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നില ഉറപ്പിച്ചു. 

സ്കൂൾ അധിക‍ൃതർ വിവരം അറിയിച്ചതിനെത്തുടർന്നു കോട്ടയത്തു നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുരങ്ങിനെ പിടികൂടാൻ സർവ സജ്ജീകരണങ്ങളുമായി എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട ഭാവം നടിച്ച് മേൽക്കൂരയിൽ ഇരുന്ന് ഉറങ്ങി. മണിക്കൂറോളം കാത്തിരുന്നെങ്കിലും കുരങ്ങ് താഴേക്കു ഇറങ്ങിയില്ല. ഈ സമയം കുറുപ്പന്തറയിൽ വെള്ളി മൂങ്ങ എത്തിയ വിവരം ലഭിച്ചതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കുറുപ്പന്തറക്കു യാത്ര തിരിച്ചു.

ഏകദേശം 5 വയസ്സു പ്രായമുള്ള കുരങ്ങാണ്, കഴിഞ്ഞ ദിവസം തെള്ളകത്തെ സ്വകാര്യ ആശുപത്രിയുടെ മുറിയിൽ കയറിയ മറ്റൊരു കുരങ്ങ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിച്ചപ്പോൾ ജനലിലൂടെ ചാടിപ്പോയി കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളജ് പരിസരത്തും കുരങ്ങുകളുടെ ശല്യം ഉണ്ടായിരുന്നെന്നും വനം പ്രദേശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളുടെ പുറത്തിരുന്നാണ് കുരങ്ങുകൾ നഗര പ്രദേശങ്ങളിൽ എത്തുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.