കഴിഞ്ഞ ദിവസം ട്രെയിനിടിച്ച് ഗുരുതരമായ പരുക്കേറ്റത്തിനെത്തുടർന്ന് പാളത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആനയുടെ ദൃശ്യം ഓർമയില്ലേ. കഠിനമായ വേദനകൾക്കൊടുവിൽ ആ ആന ഇന്നലെ ചെരിഞ്ഞു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ വെച്ചാണ് റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ കാട്ടാനയെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചത്. . ഇടിയുടെ ആഘാതത്തിൽ ആനയുടെ പിൻകാലുകളും ട്രെയിനിന്റെ എൻജിനും തകർന്നിരുന്നു.

സിലിഗുരി ദുബ്രി ഇന്‍റര്‍ സിറ്റി എക്സ്പ്രസാണ് പാളം മുറിച്ചു കടന്ന ആനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ എഴുന്നേറ്റ് നിൽക്കാനാവാത്ത ആന  മുൻകാലുകളിൽ ബലം കൊടുത്ത് ഇഴഞ്ഞാണ് പാളത്തിൽ നിന്നും മാറിയത്. പിന്നീട് ദേഹമാകെ പരുക്കേറ്റ നിലയിൽ ആനയെ സമീപത്തു നിന്നും കണ്ടെത്തുകയായിരുന്നു .ബനാര്‍ഹട്ട് നാഗ്രകട്ട പാതയിൽ ട്രെയിനിനിടിച്ച് ആനകൾ ചരിയുന്നതും പരുക്കേൽക്കുന്നതും സ്ഥിരം സംഭവമാണ്. വെള്ളിയാഴ്ച രാവിലെ 8.30 നാണ് ദാരുണമായ സംഭവം നടന്നത്. ഒട്ടേറെ ആനത്താരകളെ മുറിച്ചു കടന്നാണ് പശ്ചിമബംഗാളിലെ ദുവാറിലേക്കുള്ള റെയിൽവേ ട്രാക്കുകള്‍ പോവുന്നത്. 

കാട്ടാനകളെ നിരന്തരം അപകടത്തിലാക്കുന്നതായി കണ്ടെത്തിയതോടെ ഈ പാതയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി 2015-2016ൽ  പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ അപകടങ്ങള്‍ കുറയാന്‍ തുടങ്ങിയതോടെ വേഗപരിമിതി 50കിലോമീറ്ററായി ഉയര്‍ത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.