സഹാറ മരുഭൂമിയിൽ ചിലപ്പോഴൊക്കെ തീപിടിക്കുന്ന ചൂടുണ്ടാവും. ജീവനിൽ കൊതിയുള്ള ജീവികളൊക്കെ എവിടെങ്കിലും തണലും താവളവും കണ്ടെത്തി ഒളിക്കുന്ന ആ സമയത്ത് ‘ലഞ്ച്’ കഴിക്കാനിറങ്ങുന്ന ഒരു ജീവിയുണ്ടിവിടെ. ജീവി എന്ന് പറയുന്നതു കേട്ട് വലിയ ഏതോ ഒരു മൃഗമാണെന്ന് ധരിക്കണ്ട. ഒരു കുഞ്ഞൻ ഉറുമ്പാണ് കക്ഷി; സഹാറൻ ‘വെള്ളിയുറുമ്പുകൾ’ (സിൽവർ ആന്റ്സ്)! 

ബെൽജിയത്തിലെ രണ്ട് സർവകലാശാലകളിൽനിന്നുള്ള ഗവേഷകർ ഇവറ്റകളുടെ പുറകേ കൂടി. ലക്ഷ്യം ഒന്നേയുണ്ടായിരുന്നുള്ളൂ; ഷൂ പോലും ഉരുകിപ്പോകുന്ന ചൂടത്ത് ഈ ഉറുമ്പുകളെങ്ങനെ കൂളായി നടക്കുന്നു എന്ന് കണ്ടുപിടിക്കുക. കുറച്ച് ഉറുമ്പുകളെയും സംഘടിപ്പിച്ച് അവർ തിരികെപ്പോന്നു. ലാബിലെ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ വെള്ളിയുറുമ്പുകളുടെ പുറത്ത് നല്ല കനത്തിൽ കാണപ്പെടുന്ന രോമങ്ങൾക്ക് പ്രിസം പോലെ പ്രകാശം പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ടെന്ന് മനസ്സിലായി. 

അതുകൊണ്ടെന്താ, സൂര്യനിൽനിന്ന് വരുന്ന ചൂടൊക്കെ അവയുടെ രോമത്തിൽ പോലും തൊടാതെ തിരിച്ചുപോകും! ഗവേഷണ വിദ്യാർഥികളിൽ ഒരാൾ ഈ കണ്ടുപിടിത്തം ഒന്നുറപ്പിക്കാൻ വേണ്ടി പീക്കിരി കത്തി വച്ച് ഒരുറുമ്പിനെയങ്ങ് മൊട്ടയടിച്ചു. എന്നിട്ട് നല്ല ചൂടുള്ള പ്രകാശത്തിനടുത്ത് നിർത്തി. ശടപടേന്ന് ഉറുമ്പിന്റെ ദേഹത്തെ ചൂട് കൂടി. കമ്പിളിക്കുപ്പായമിട്ട് തണുപ്പിനെ തോൽപിക്കുന്ന മൃഗങ്ങളുണ്ട്. പക്ഷേ, രോമം വച്ച് ഇത്തരത്തിൽ ചൂടിനെ പ്രതിരോധിക്കുന്ന ഈ പരിപാടി മറ്റൊരു ജീവിയിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. 

ഇത്തരം രോമം കൃത്രിമമായി ഉണ്ടാക്കി മനുഷ്യനിലും ഒന്നു പരീക്ഷിച്ചുനോക്കിയാലോ എന്നു തോന്നുന്നില്ലേ? ആ ആലോചനയും ഗവേഷകർക്കിടയിൽ കാര്യമായി നടക്കുന്നുണ്ട്.