സൗത്ത് ആഫ്രിക്കയിലെ മൊസാംബിക്കിൽ സഫാരിക്കിറങ്ങിയ വിനോദസഞ്ചാരികളെ വിരട്ടിയ പെരുമ്പാമ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങിലെ താരം.  പാമ്പിന്റെ പിടിയിൽ നിന്ന് വിനോദസഞ്ചാരികൾ രക്ഷപെടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മണൽപ്പരപ്പിലൂടെ സഞ്ചരിക്കുന്ന വാഹനത്തിന്റെ ടയറിനടിയിൽ പെടാതെ ഒരു ആഫ്രിക്കൻ റോക്ക് പൈതൺ വിഭാഗത്തിൽ പെടുന്ന പെരുമ്പാമ്പിനെ രക്ഷിക്കാൻ ശ്രമിച്ചതാണ് മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികൾക്ക് വിനയായത്.  

പാമ്പിന് അപകടം സംഭവിക്കാതിരിക്കാനായി അതിന്റെ വാലിൽ പിടിച്ച് ഒരാൾ മാറ്റിവിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രകോപിതനായ പാമ്പ് മുന്നോട്ടിഞ്ഞപ്പോൾ കണ്ട ലാൻഡ് റോവറിന്റെ ബോണറ്റിലേക്ക് ദേഷ്യത്തോടെ വലിഞ്ഞു കയറി. ഇതുകണ്ട വാഹനത്തിന്റെ ഡ്രൈവർ പെട്ടന്ന് വണ്ടി പെട്ടെന്നു പുറകോട്ടെടുത്തു. താഴേക്കൂർന്നു വീണ പെരുമ്പാമ്പ് കുറച്ചു ദൂരം ദേഷ്യത്തോടെ വാഹനത്തെ പിന്തുടർന്നു. തുടർന്ന് അരികിലുള്ള പൊന്തക്കാട്ടിലേക്ക് ഇഴഞ്ഞു മറഞ്ഞു.

വാഹനത്തിലുണ്ടായിരുന്നവർക്ക് അപ്പോഴാണ് ശ്വാസം നേരേ വീണത്. വിഷമില്ലാത്ത ഇനം പാമ്പാണെങ്കിലും ആക്രമിക്കാനെത്തിയപ്പോൾ എല്ലാവരുമൊന്നു ഭയന്നിരുന്നു. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.