ഗുജറാത്തിലെ വഡോദര ജില്ലയിലെ വേജാൽപുർ ജില്ലയിലാണ് കൂറ്റൻ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങിയത്.ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇവിടെയുള്ള ഒരു വീടിന്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന വിറകിനിടയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശവാസികൾ വനപാലകരെ വിവരമറിയിച്ചു. പ്രദേശവാസികൾ കണ്ടെത്തുമ്പോൾ പൂച്ചയെ വിഴുങ്ങാനുള്ള തന്ത്രപ്പാടിലായിരുന്നു പെരുമ്പാമ്പ്. 

വനപാലകരും പ്രാദേശിക എൻജിഒ അംഗങ്ങളും എത്തിയപ്പോഴേക്കും പാമ്പ് പൂച്ചയെ പൂർണമായും വിഴുങ്ങിയിരുന്നു. 11 അടിയോളം നീളമുണ്ടായിരുന്നു കൂറ്റൻ പെരുമ്പാമ്പിന്. എന്നാൽ പിന്നീട് പാമ്പ് വിഴുങ്ങിയ ഇരയെ ഛർദിച്ചു. ഏകദേശം ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ അവിടെ നിന്നും പിടികൂടാനായത്. പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.