ഗുണ്ടൽപേട്ടിൽ ഭീതിപരത്തിയ കടുവയെ പിടികൂടാൻ ആനകളുമായി വനംവകുപ്പിന്റെ പരിശോധന തുടരുന്നു. പ്രത്യേകം പരിശീലനം ലഭിച്ച 6 ആനകളാണു കടുവയെ കുടുക്കാൻ എത്തിയിരിക്കുന്നത്. 2 സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ ഊർജിതമാക്കിയത്. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള ഗോപാലസ്വാമി ബെട്ടയിലാണു 2 മാസമായി കടുവ ഭീതി പരത്തുന്നത്. 

ഒരാഴ്ചയ്ക്കുള്ളിൽ 2 കർഷകരുടെ ജീവനാണ് കടുവയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. 14 കന്നുകാലികളെയും കൊന്നു തിന്നിരുന്നു. കടുവയെ ആകർഷിക്കാൻ മനുഷ്യരക്തം നിറച്ച പാവകളെ 5 ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരിക്കൽ മനുഷ്യരക്തത്തിന്റെ രുചിയറിഞ്ഞ കടുവ മണം പിടിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആദ്യമായി പാവക്കെണി ഒരുക്കിയിരിക്കുന്നത്. കടുവയെ മയക്കുവെടി വച്ചോ, കെണിയിൽ കുരുക്കിയോ പിടികൂടാനാണു കർണാടക പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ നിർദേശം.

മയക്കുവെടിയിൽ പരിശീലനം ലഭിച്ച 4 മൃഗഡോക്ടർമാരും തിരച്ചിൽ സംഘത്തിനൊപ്പമുണ്ട്. വനമേഖലയിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്ന് പെൺ കടുവയാണു പ്രദേശത്ത് ഭീതി പരത്തുന്നതെന്നു കണ്ടെത്തിയതായി ബന്ദിപ്പൂർ വന്യജീവി സങ്കേതം ഡയറക്ടർ ടി.ബാലചന്ദ്ര പറഞ്ഞു