മൈസൂരു ഗുണ്ടൽപേട്ട് ഗോപാലസ്വാമി ബെട്ടയിൽ ഭീതി പരത്തിയ നരഭോജി കടുവയെ ജീവനോടെ പിടികൂടി കൂട്ടിലടച്ചു. മാഗുവനഹള്ളി ഗ്രാമത്തിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്ന് പെൺകടുവയുടെ സഞ്ചാരം മനസ്സിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയോടെ കടുവയെ കെണിയിൽ കുരുക്കുകയായിരുന്നു

.മയക്കുവെടി വച്ച് കൂട്ടിലേക്കു മാറ്റിയ കടുവയെ കാണാൻ നൂറുകണക്കിന് പേരാണ് എത്തിയത്. കടുവയെ രാത്രി മൈസൂരു മൃഗശാലയിലേക്കു മാറ്റി. കടുവയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നു വനംവകുപ്പ് കൺസർവേറ്റർ മോഹൻ പറഞ്ഞു. 5 ദിവസം നീണ്ടുനിന്ന തിരച്ചിലിനു ശേഷമാണ് കടുവയെ പിടികൂടാൻ കഴിഞ്ഞത്.

ഒരാഴ്ചയ്ക്കിടെ 2 പേരുടെ ജീവൻ അപഹരിച്ച കടുവ കഴിഞ്ഞ ദിവസം പ്രസവിച്ച ദിവസങ്ങൾ മാത്രമായ ആനക്കുട്ടിയേയും കൊന്നിരുന്നു. 150 പേരടങ്ങളുന്ന തിരച്ചിൽ സംഘത്തിൽ 5 കുങ്കി ആനകളും 5 ഡ്രോൺ ക്യാമറകളും ഉൾപ്പെടുത്തിയിരുന്നു. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തോടു ചേർന്ന് കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ ഗോപാലസ്വാമി ബെട്ടയിൽ കടുവ ഭീതിയെ തുടർന്ന് സഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു.